എഞ്ചിനീയറിംഗ് കോളേജില്‍ എനിക്ക് അഡ്മിഷന് കിട്ടിയപ്പോള്‍ മനസ്സില്‍ സമ്മിശ്ര വികാരം ആണ് തോന്നിയത്. ഒരു അടി പൊളി പ്രൊഫെഷണല്‍ കോളേജില്‍ ചേരാന്‍ പോകുന്നതിന്റെ സന്തോഷം. ജീവിതത്തില്‍ ഇത് വരെ ഒരു പ്രൊഫെഷണല്‍ കോളേജിന്റെ പടി പോലും കണ്ടിട്ടില്ലെങ്കിലും എന്റെ മനസ്സില്‍ കോളേജിന്റെ ഒരു വ്യക്തമായ ധാരണ ഉണ്ടായിരുന്നു (കുറെ അടിപൊളി മലയാളം ക്യാമ്പസ് സിനിമകള്‍ കണ്ടത് വെറുതെയായില്ല). ചുരുക്കി പറയുവാണേല്‍ 'നമ്മള്' സിനിമയില്‍ ജിഷ്ണുവും സിദ്ധാര്‍ത്ഥനും ക്യാമ്പസ്സില്‍ ചെത്തി നടക്കുന്നത് പോലുള്ള അടിപൊളി ദിനങ്ങള്‍ ഞാന്‍ സ്വപ്നം കണ്ടു തുടങ്ങി. പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും മെട്രോ സിറ്റി ആയ ബടേരയും അവിടത്തെ ഹൈടെക് കൂട്ടുകാരെയും വിട്ടു പിരിയണമല്ലോ എന്നോര്‍ത്തപ്പോള്‍ ഇച്ചിരി സങ്കടവും തോന്നി
ഇന്നാണ് അഡ്മിഷന് ദിവസം. പത്തു മണിക്ക് കോളേജില്‍ എത്തണം. നേരം പുലരുന്നതിനു മുന്‍പേ കുളിച്ചു റെഡി ആയി. വെളിച്ചെണ്ണ തേച്ചു മിനുക്കിയെടുത്ത തലമുടി ചീകിയൊതുക്കി ഒരു ചന്ദനക്കുറിയും പിടിപ്പിച്ചു വീട്ടില്‍ നിന്നിറങ്ങി. യാത്രയിലുടനീളം വര്‍ണാഭമായ ക്യാമ്പസ്സിന്റെ സ്ലൈഡ് ഷോവ്സ് എന്റെ മനസ്സില്‍ ഓടിക്കൊണ്ടിരുന്നു. എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും പാറി പറന്നു നടക്കുന്ന കിളിക്കൂട്ടങ്ങള്‍, തിരക്കേറിയ വിശാലമായ ക്യാമ്പസ്, ബൈക്കില്‍ ഓളം വെച്ച് ചീറിപ്പായുന്ന സ്റ്റൈലന്‍ പയ്യന്മാര്..
ചീമേനിയില്‍ ബസ്സിറങ്ങി ചുറ്റും കണ്ണോടിച്ചപ്പോള്‍ കണ്ടത് ഒരു തനി നാട്ടിന്‍പുറത്തിന്റെ കാഴ്ചകളായിരുന്നു. എക്സ്പയറി ഡേറ്റ് കഴിഞ്ഞ കുറച്ചു പീടികകള്‍, കുറെ സാദാരണക്കാരായ നാട്ടുകാര്‍. ഈ പരിഷ്ക്കാരി ഇതെവിടുന്നു വന്നെടാ എന്ന രീതിയില്‍ ചിലര്‍ എന്നെ നോക്കി. ചീമേനി ടൌണില്‍ നിന്ന് കോളേജില്‍-ലേക്ക് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ കാണും. അധികം വൈകാതെ ഒരു ഓട്ടോ പിടിച്ചു കോളേജില്‍-ലേക്ക് വച്ച് പിടിച്ചു. കോളേജ് ഗേറ്റിന്റെ മുന്പില് ഓട്ടോ നിര്‍ത്തി അകത്തേക്ക് നടന്നു തുടങ്ങി. അവിടെ കണ്ട കാഴ്ചകള്‍ എന്നെ ശരിക്കും കരയിപ്പിച്ചു. പരന്നു കിടക്കുന്ന വിശാലമായ തരിശു ഭൂമി, ഉണങ്ങി വരണ്ടു കാടു പിടിച്ചു കിടക്കുന്ന കുറെ ചെടികള്‍, പൊട്ടി പൊളിഞ്ഞു നിറം മങ്ങിയ രണ്ടു കൊച്ചു കെട്ടിടങ്ങള്‍. അതിലൊന്ന് ഒരു കൊച്ചു വീടിനു തുല്യമായ ഒന്നാണ്. അതാണ് ഓഫീസ് കെട്ടിടമാക്കിയിരിക്കുന്നത്. മറ്റൊന്ന് ഒരു സിമെന്റ് ഗോഡൌണ്‍-നു തുല്യമായ പേടിപ്പെടുത്തുന്ന ഒരു കെട്ടിടമാണ്. അതാണത്രേ ക്ലാസ്സ് റൂം. ബൈക്ക് പോയിട്ട് ഒരു സൈക്കിള്‍ പോലും അവിടെങ്ങും ഇല്ല. കിളികള്‍ക്ക് പകരം ഒന്ന് രണ്ടു കാക്കകള്‍ മുകളിലൂടെ പറക്കുന്നുണ്ടായിരുന്നു
എന്നെ പോലെ ഹതഭാഗ്യരായ ഒരു പറ്റം കുട്ടികളെ അവിടെ ഞാന്‍ കണ്ടു. എല്ലാവരുടെയും മുഖത്ത് ഒരു സങ്കട ഭാവം. കൂട്ടത്തില്‍ ചില NRI-കളും ഉണ്ട്. അവരുടെ വാടിയ മുഖം കണ്ടപ്പോള്‍ ഉള്ളില്‍ അറിയാതെ ചിരി വന്നു. കേരളത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ ചേരാതെ ഗള്‍ഫില്‍ പഠിച്ച ജാടതെണ്ടികള്ക്ക് അങ്ങനെ തന്നെ വേണം എന്ന് അവരെ നോക്കി മനസ്സില്‍ ഉരുവിട്ടു. രക്ഷിതാക്കളെല്ലാം ഫോം പൂരിപ്പിക്കുന്നതിന്റെയും ഫീസ് അടക്കുന്നതിന്റെയും തിരക്കിലാണ്
******************************************************************************
"ഹായ്, ഞാന്‍ ഗൌതം"- എന്റെ കൈയ് പിടിച്ചു കുലുക്കികൊണ്ട് ഗൌ സ്വയം പരിചയപ്പെടുത്തി. കോളേജിലെ എന്റെ ആദ്യത്തെ കൂടുകാരന്. ഇവനെ കുറിച്ച് പറയാനാണെങ്കില്‍ ഒരുപാടുണ്ട്. അതൊക്കെ വഴിയെ പറയാം. ഒറ്റ ശ്വാസത്തില്‍ പറയുവാണേല്‍ പ്രായപൂര്‍ത്തിയായ ഏതു പെണ്പിള്ളേരുടെയും തന്തമാര് ഇവനെ ഒരു നോക്ക് കാണുവാണേല്‍ രണ്ടാമതൊരു നോട്ടം കൂടെ നോക്കി മനസ്സില്‍ ഇങ്ങനെ മുറുമുറുക്കും
-'ഇവനൊന്നും പെണ്പിള്ളേരെ ഇത് വരെ കണ്ടിട്ടില്ലേ'
കോളേജിന്റെ തൊട്ടടുത്ത് തന്നെ ഞങ്ങള്‍ ഒരു കൊച്ചു വാടക വീട് സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഉച്ചയോടെ അഡ്മിഷന് പരിപാടികള്‍ എല്ലാം
കഴിഞ്ഞു. ടൌണില്‍ (ഇനിയങ്ങോട്ട് ടൌണ്‍ എന്ന് പറയുന്നത് ചീമേനി സിറ്റി ആണ്) പോയി ഒരു കൊച്ചു ഹോട്ടലില്‍ നിന്ന് ഭക്ഷണവും കഴിച്ചു അത്യാവശ്യം വീട്ടു സാധനങ്ങളും വാങ്ങി ഞാനും ഗൌവും വാടകവീട്ടിലേക്കു തിരിച്ചു. ജീവിതത്തില്‍ ആദ്യമായി ബടേര വിട്ടു വാടക വീട്ടില്‍ താമസിക്കാന്‍ പോകുന്നു, ഒരു തട്ടുപൊളിപ്പന്‍ കോളേജില്‍ ഇനിയുള്ള നാല് വര്‍ഷം കഴിച്ചു കൂട്ടണം, ഇതൊക്കെ ആലോചിച്ചപ്പോള്‍ ഉള്ളില്‍ സങ്കടം തിരതല്ലി
'ഉത്രാടം'. അതായിരുന്നു ഞങ്ങളുടെ വീട്ടിന്റെ പേര്. 2 bhk ഹൌസ് എന്നൊക്കെ ഒരു അഹങ്കാരത്തിന് പറയാം. സാമാന്യം തരക്കേടില്ലാത്ത ഒരു കൊച്ചു കിടപ്പ് മുറി, അതിനെക്കാള്‍ കുറച്ചു കൂടെ ചെറിയ മറ്റൊരു കിടപ്പ് മുറി, ഹാള്‍, അടുക്കള, കുളിമുറി. വീടിന്റെ മുന്‍വശത്ത് അമ്പലക്കാവ് ആണ്. കുരങ്ങന്മാരുടെ സജീവ സാന്നിദ്യം അവിടെ ഉണ്ടായിരുന്നു. ഇടതു വശത്താണ് സുപ്രിയേച്ചിയുടെ വീട്. വന്ന ദിവസം തന്നെ അവിടെ പോയി എല്ലാരേയും ഒന്ന് പരിചയപ്പെട്ടു. ധൃതി പിടിച്ചു അയല്‍വാസികളെ പരിചയപ്പെട്ടതിനു പിന്നില്‍ മറ്റൊരു ഉദ്ദേശവും കൂടിയുണ്ട്. ഇന്നത്തെ പോലെ ഞങ്ങളുടെ രണ്ടു പേരുടെയും പക്കല്‍ മൊബൈല്‍ ഫോണ്‍ ഒന്നും ഇല്ല. വീട്ടിലാണെങ്കില്‍ ലാന്‍ഡ് ഫോണും ഇല്ല. അത്യാവശ്യത്തിനു വീട്ടുകാര്‍ക്ക് മക്കളെ ഒന്ന് വിളിക്കണമെങ്കില്‍ സുപ്രിയേച്ചിയുടെ വീട്ടിലെ ലാന്‍ഡ് ഫോണ്‍ തന്നെ ശരണം.
പിറ്റേ ദിവസം രാവിലെ കോളേജില്‍-ലേക്ക് പുറപ്പെട്ടിറങ്ങി. രാവിലത്തെ ശാപ്പാട് അമ്പാടിയേട്ടന്റെ ഹോട്ടലില്‍ നിന്ന് കഴിച്ചു. ചീമേനിയിലെ ഒരു പ്രമുഖ ഹോട്ടെലാണ് അത്. ഹോട്ടലിന്റെ തൊട്ടുമുന്പില് സമീപത്തെ ധനലക്ഷ്മി തിയേറ്ററിലെ സിനിമ പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ട്. കോളേജിലെ ആദ്യ ദിനം എല്ലാവരെയും പരിചയപ്പെടുന്നതിന്റെ തിരക്കായിരുന്നു. എന്തായാലും ഈ കാട്ടുമുക്കില് എത്തിപ്പെട്ടു, ഇനി വരൂന്നേടത് വച്ച് കാണാം എന്ന മനോഭാവമായിരുന്നു ഇന്ന് എല്ലാരുടെയും മുഖത്ത്. രണ്ടു പേര് ചേര്‍ന്നു വീട് വാടക കൊടുക്കുന്നത് പോക്കറ്റ് മണിയെ കാര്യമായി ബാധിക്കുമെന്ന്തിനാല് മൂന്നു പേരെ കൂടെ കൂട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങിനെയാണ് ജസ്സീക്ക, ആഷി, രഗീഷ് എന്നവരെ പരിചയപ്പെടുന്നതും വീട്ടിലേക്കു ക്ഷണിക്കുന്നതും. അങ്ങനെ ഒരാഴ്ചക്കുള്ളില്‍ ഉത്രാടത്തില് അന്തേവാസികളുടെ എണ്ണം അഞ്ചായി
****************************************************************************
"അല്ല നമ്മുടെ ഗ്രൂപ്പിന് ഒരു പേര് വേണ്ടേ" - പുകച്ചുരുളുകള്‍ക്കിടയില്‍ ജസ്സീക്കയുടെ മുഖം വ്യക്തമല്ലെങ്കിലും അവന്റെ ശബ്ദം ഞങ്ങളുടെ കാതുകളില്‍ വ്യക്തമായി പതിച്ചു. അത്താഴത്തിനു ശേഷം എല്ലാരും ഉമ്മറത്ത് കസേരയിട്ട് ഒരു സഭ കൂടിച്ച ഉണ്ട്. ഈ സമയം ഞങ്ങള്‍ കോളേജില്‍ പഠിപ്പിച്ച ഇലക്ട്രോണിക്സ് ബേസിക്സും C programming-ഉം ഒക്കെ ചര്‍ച്ച ചെയ്യും എന്ന് നിങ്ങള്‍ വിചാരിച്ചാല്‍ തെറ്റി. കോളേജിലെ കൊച്ചു കൊച്ചു മസാല വാര്‍ത്തകള്‍ മുതല്‍ ലോകകാര്യങ്ങള്‍ വരെ ഞങ്ങള്‍ ചര്ച്ചക്കെടുക്കാറുണ്ട്
"അത് ശെരിയാണല്ലോ"- ആഷി അതേറ്റു പിടിച്ചു
"എല്ലാരും കേട്ടാല്‍ ഒന്ന് ഞെട്ടുന്ന പേരായിരിക്കണം" - രഗീഷ് തന്റെ അഭിപ്രായം രേഖപ്പെടുത്തി
"എന്നാല്‍ പിന്നെ അഞ്ചു *ണ്ടന്മാര് എന്നിട്ടാലോ (സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം അക്ഷരം മാറ്റിയിരിക്കുന്നു)"- ഇങ്ങനെയൊരു കമന്റ്
പറയാന്‍ ഉത്തമനായ ഗൌവിന്റെതാണു തിരുമൊഴി. സംഗതി എല്ലാവരിലും പൊട്ടിച്ചിരി ഉളവാക്കിയെങ്കിലും അവന് പറഞ്ഞതിലും കാര്യമില്ലാതില്ല. ആഷി ഒഴികെ ബാക്കി നാല് പേരും കൊയിക്കോടിന്റെ സന്തതികളാണ്. പോരാത്തതിനു പേരില്‍ ഒരു പ്രാസ ചേര്‍ച്ച ഒക്കെ ഉണ്ട്
"എല്ലാരുടെയും ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് JARGS എന്നിട്ടാലോ" - ഞാനും വിട്ടു കൊടുത്തില്ല
അങ്ങനെ ആ ചര്‍ച്ച നീണ്ടു പോയി. എല്ലാവരും പല നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചെങ്കിലും എല്ലാം തള്ളിപ്പോയി.
"ഡീസന്റ് ഫൈവ്സ് (decent fives) എന്നുള്ള പേരെങ്ങനെയുണ്ട്" - കൂട്ടത്തില്‍ അത്യാവശ്യം ഇംഗ്ലീഷ് പരിജ്ഞാനം ഉള്ള ജസീക്ക പറഞ്ഞു
"അത് കൊള്ളാമല്ലോ ജസീക്ക" - രഗീഷിനു ആ പേര് നന്നേ ബോധിച്ചു
"ചുരുക്കി ഡി-ഫൈവ്സ് എന്നും വിളിക്കാം" - ആഷി മൊഴിഞ്ഞു
ഞാന്‍ ഗൌവിനെ നോക്കി. താന്‍ നിര്‍ദേശിച്ച പേര് സ്വീകരിക്കാത്തത്തിലെ ഒരു മുഷിപ്പ് ആ മുഖത്തുണ്ട്.
"പേര് പറയാന്‍ ഒരു ഗുമ്മൊക്കെ ഉണ്ട്. പക്ഷെ നമ്മുടെ സ്വഭാവത്തിന് ഇത് ചേരുമോ" - ഞാന്‍ ന്യായമായ ഒരു സംശയം മുന്നോട്ടു വച്ചു
"ഈ പേര് കേട്ട് തെറ്റിദ്ധരിച്ചു പെണ്പിള്ളേര് ചുമ്മാ വന്നു ലോഹ്യം പറഞ്ഞാല്‍ നിനക്ക് പുളിക്കുമോ" - ചോദ്യം രഗീഷിന്റെതായിരുന്നു
കൂടുതല്‍ അടി പിടി കൂടാതെ ഞങ്ങള്‍ ആ പേര് സ്വീകരിക്കാന്‍ തീരുമാനിച്ചു. ഒരു ശുഭ സൂചന പോലെ അപ്പോളേക്കും അന്തരീക്ഷം പുകമറ മാറി തെളിഞ്ഞിരുന്നു. അത്യാവശ്യം ചിത്രപ്പണി അറിയാവുന്ന ആഷി പിറ്റേന്ന് രാവിലെ ആകുംപോളെക്കും ഒരു ലോഗോ റെഡി ആക്കിയിരുന്നു. ഒട്ടും അമാന്തിക്കാതെ അഞ്ചു പേരും ചീമേനിക്ക് തിരിച്ചു. 'ഡി-ഫൈവ്സി'ന്റെ ഒരു ബാനെര്‍ ഉണ്ടാക്കാനാണ് ആ പോക്ക്. ഉച്ചയാകുമ്പോളെക്കും സംഗതി റെഡി. 'ഡി -ഫൈവ്സ്--ഫ്രണ്ട്സ് ഫോര്‍ എവര്‍' എന്നൊക്കെ വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിയിട്ടുണ്ട്. അഞ്ചു പേരുടെയും പേര് ഭംഗിയായി എഴുതിയിട്ടുണ്ട്. ഇനി പെണ്പിള്ളേര്ക്ക് വല്ല പ്രേമാഭ്യര്‍ത്ഥനയും നടത്തണമെങ്കില്‍ പേരറിയാതെ കഷ്ടപ്പെടരുതല്ലോ. അങ്ങനെ അന്ന് വൈകീട്ട് കോളേജില്‍ ഡി-ഫൈവ്സിന്റെ ആദ്യ ബാനെര്‍ ഉയര്‍ന്നു.
പിറ്റേന്ന് രാവിലെ കോളേജില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച എന്താണെന്നു വച്ചാല്‍ കുട്ടികള്‍ കൂട്ടം കൂട്ടമായി ഞങ്ങളുടെ ബാനെറിനു മുന്പില് നിന്ന് പിറുപിറുക്കുന്നതാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ സംഭവം കോളേജില്‍ പാട്ടായി. ഡീസന്റായ അഞ്ചു പേരില്‍ നിന്നും കണ്ടാല്‍ മാന്യന് എന്ന് തോന്നുന്ന ഒരാളെ എങ്ങിനെ വളച്ചെടുക്കാം എന്ന് പെണ്പിള്ളേരും, ഈ തറവേല കാണിച്ചു ഷൈന്‍ ചെയ്ത ഇവന്മാര്ക്ക് എങ്ങിനെ ഒരു പണി തിരിച്ചു കൊടുക്കാം എന്ന് ആണ്പിള്ളേരും ചിന്തിക്കാന്‍ തുടങ്ങി. തൊട്ടടുത്ത ദിവസങ്ങളില്‍ പുതിയ ഗ്രൂപ്പുകള്‍ പൊട്ടി മുളച്ചു തുടങ്ങി
*****************************************************************************
ഇല്ലാത്ത കാശ് മുടക്കി ബാനെര്‍ ഉണ്ടാക്കിയിട്ട് ഇന്നേക്ക് അഞ്ചു നാളുകള്‍ പിന്നിട്ടു. ഇത് വരെ ഒരു പെണ്‍കുട്ടി പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ആ വഴിക്ക് ഒരു പുതിയ ജീവിതം ഒത്തു വരും എന്ന് സ്വപ്നം കണ്ടതൊക്കെ വേരുതെയായെന്നു എനിക്ക് തോന്നി
"നീയല്ലേ പറഞ്ഞത് പെണ്പിള്ളേര് ചാടിക്കേറി സൊള്ളാന്‍ വരുമെന്ന്"- അമ്പാടി ഹോട്ടലില്‍ പഴം പൊരി കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ രഗീഷിനോട് അമര്‍ഷത്തോടെ ചോദിച്ചു
"അതിനു പേരില്‍ മാത്രം പോര, പെരുമാറ്റത്തിലും അല്പം ഡീസന്‍സി വേണം"- രഗീഷ് തിരിച്ചടിച്ചു
"നിങ്ങള്‍ക്ക് ഇത് തന്നെ വേണം പിള്ളേരെ. ഞാന്‍ പറഞ്ഞ പേരിനോട് നിങ്ങള്‍ക്കൊക്കെ പുച്ച്ചമായിരുന്നില്ലേ?" - കിട്ടിയ അവസരത്തില്‍ ഗൌ
ഏല്ലാവര്‍ക്കും ഇട്ടൊന്നു താങ്ങി
ഇവന്മാരുടെ കൂടെ നടന്നാല്‍ നല്ല ഒരു ഇമേജ് പെണ്പിള്ളേരുടെ ഇടയില്‍ കിട്ടാന്‍ പ്രയാസം ആണെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷെ ഇവന്മാരുടെ കമ്പനി വിട്ടു പോകാനും വയ്യ. ദിവസങ്ങള്‍ അങ്ങിനെ കടന്നു പോയി. അങ്ങിനെയിരിക്കെ ആണ് ഇന്റെര്ണെല് പരീക്ഷ പ്രഖ്യാപിച്ചത്. പരീക്ഷക്ക് പഠിച്ചു നല്ല മാര്‍ക്കു വാങ്ങിയാല്‍ ഷൈന്‍ ചെയ്യാനുള്ള ഒരു വകയുണ്ടെന്നു ഞാന്‍ മനസിലാക്കി. ബാനെര്‍ ഉണ്ടാക്കിയത് പോലെ കാശ് മുടക്കില്ലാത്ത പരിപാടി ആയതു കൊണ്ട് ഒരു കൈ നോക്കാന്‍ തീരുമാനിച്ചു.
******************************************************************************
"നമ്മക്ക് ഒരു കോളേജ് ടൂര്‍ പ്ലാന്‍ ചെയ്താലോ" - പതിവ് പോലെ രാത്രി ഉത്രാടത്തിന്റെ ഉമ്മറത്തിരിക്കുമ്പോളാണ് ജസീക്ക ഈ വിഷയം എടുത്തിട്ടത്. അല്ലെങ്കിലും നിലാവത്ത് കാറ്റ് കൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ചില ഭ്രാന്തന് ഐഡിയാസ് ഇവന് തോന്നും
"അതിനു ഇതൊക്കെ വലിയ മെനക്കേടുള്ള കാര്യമല്ലേ?" - ആഷി ചോദിച്ചു
"എന്തോന്ന് വിഷമം. നിങ്ങളൊക്കെ ഒന്ന് കൂടെ നിന്നാല്‍ മതി. നമ്മുക്ക് നടത്താന്നെ"- ജസ്സീക്ക ആത്മവിശ്വാസത്തോടെ പറഞ്ഞു
"ശെരിയാ, ഈ കാട്ടുമുക്കില് നിന്ന് മാറി ഒരു പുതിയ സ്ഥലത്തേക്ക് രണ്ടു ദിവസം പോയാല്‍ ചിലപ്പോള്‍ നമ്മളെ രണ്ടു പേര് മൈന്‍ഡ് ചെയ്യാന്‍ ചാന്‍സ് ഉണ്ട്"- രഗീഷ്
"അല്ല ജസീക്ക നിങ്ങളെ കൊണ്ട് ഇത് വല്ലതും നടത്താന്‍ പറ്റുമോ" -ഗൌ
"രണ്ടാഴ്ചക്കകം പരീക്ഷ തുടങ്ങും. ഞാനില്ല ഈ കോപ്പ് പരിപാടിക്ക്"- എന്ന് പറയണമെന്ന് ഉണ്ടായിരുന്നു എനിക്ക്. പരീക്ഷ പേപ്പര്‍ കിട്ടുമ്പോള്‍ ടോപ് സ്കോറര്‍ ആയി ശ്രദ്ധ പിടിച്ചു പറ്റാം എന്ന് സ്വപ്നം കണ്ടു നടന്ന എനിക്ക് ഇതൊരു തിരിച്ചടിയാവുമല്ലോ എന്ന് മനസിലോര്‍ത്തു. എന്നാല്‍ ബാക്കി നാല് പേരും സമ്മതിച്ച സ്ഥിതിക്ക് ഞാന്‍ ഉടക്കാന്‍ പാടില്ലാലോ
"ആട്ടെ, ജസീക്കയുടെ മനസ്സില്‍ വല്ല പ്ലാനും ഉണ്ടോ?"- ഞാന്‍ ചോദിച്ചു
"ആദ്യം ക്ലാസ്സില്‍ ഈ വിഷയം അവതരിപ്പിക്കുന്നു. എല്ലാവര്ക്കും സമ്മതമാണെങ്കില്‍ നമ്മള് പ്രിന്സിയോടു പറയുന്നു. കുട്ടികളുടെ ഒരു ആവശ്യമായതിനാല്‍ അങ്ങേര് എതിര്‍പ്പൊന്നും പറയില്ല"- ജസീക്ക വിശദീകരിച്ചു
അങ്ങിനെ പിറ്റേ ദിവസം വിഷയം ക്ലാസ്സില്‍ അവതരിപ്പിച്ചു. സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടൂര്‍ പ്ലാനിംഗ് മീറ്റിംഗ് കാന്റീനില്‍ തകൃതിയായി നടന്നു. ക്ലാസ്സ് കട്ട് ചെയുന്ന പരിപാടി ആയതിനാല്‍ മീറ്റിംഗില്‍ ഞങ്ങള്‍ സജീവമായി പങ്കെടുത്തു. വിഷയം മാഷുംമാരുടെയും പ്രിന്സിയുടെയും ശ്രദ്ധയില്‍ പെടുത്തി. അവര്‍ ആദ്യം എതിര്‍പ്പൊന്നും പറഞ്ഞില്ല. മറ്റു തടസങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ നോക്കാം എന്ന് മറുപടി പറഞ്ഞു. ഉത്രാടതിലെ ഞങ്ങളുടെ രാത്രികള്‍ ടൂര്‍ ചര്‍ച്ചകള്‍ കൊണ്ടും ടൂര്‍ കിനാവുകള്‍ കൊണ്ടും സജീവമായി. ആ സുദിനം വരുന്നതും കാത്തു ഞങ്ങള്‍ ഇരിപ്പായി. കോളേജ് ടൂര്‍-ന്റെ കാര്യം ഞങ്ങള്‍ വീട്ടില്‍ അവതരിപ്പിച്ചു. പോകാനുള്ള സമ്മതവും വാങ്ങിച്ചു
അന്ന് ഒരു ബുധനാഴ്ച ആയിരുന്നു. ഇടിത്തീ പോലെയാണ് ആ വാര്‍ത്ത ഞങ്ങളുടെ കാതില്‍ പരന്നത്. പ്രിന്‍സി ടൂറിനു പോകാന്‍ പറ്റില്ലെന് പറഞ്ഞത്രേ. കേട്ട പാതി എല്ലാരും പ്രിന്‍സിയുടെ ഓഫിസ് പരിസരത്തേക്കു കുതിച്ചു. സംഗതി സത്യമാണ്. HOD ആണ് ഉടക്കുണ്ടാക്കിയത് എന്ന് കേള്‍ക്കുന്നു. പിള്ളേരെ ഇപ്പോളെ ഇങ്ങനെ കയറൂരി വിടുന്നത് ശെരിയല്ലത്രേ. പോരാത്തതിനു പരീക്ഷ അടുത്താഴ്ച തുടങ്ങുവാണ്. ഒരു കോളേജ്-ലും ആദ്യ സെമസ്റ്ററില്‍ ടൂറോന്നും നടത്താറില്ലത്രേ . ജീവപര്യന്തത്തിന് തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ടവന്റെ മുഖഭാവമായിരുന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും അപ്പോള്‍
ഉത്രാടത്തില് അന്ന് രാത്രി പതിവ് സഭ കൂടിച്ച ഉണ്ടായിരുന്നില്ല. ജസീക്ക വിഷണ്ണനായി ഒരു മൂലയ്ക്ക് ഒതുങ്ങി കൂടി. ഒരു സംരംഭം കൂടെ പാളിപ്പോയതിന്റെ വിഷാദവുമായി അന്ന് എല്ലാവരും നേരത്തെ ഉറങ്ങാന്‍ കിടന്നു.
********************************************************************************
"എടാ എല്ലാരും വേഗം ക്ലാസ്സ് റൂമിന്റെ സൈഡിലെ മരത്തിന്റെ ചുവട്ടിലേക്ക് വന്നെ. ഒരു അത്യാവശ്യ കാര്യമുണ്ട്"- ലഞ്ച് ബ്രേക്ക്-ല്‍ വായി
നോക്കി കൊണ്ടിരുന്ന ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു ജസീക്ക പറഞ്ഞു
"എന്താ കാര്യം"- ഞാന്‍ ചോദിച്ചു. പുതിയ എന്തേലും കുരിശുമായിട്ടായിരിക്കും അവന്റെ വരവെന്ന് എനിക്ക് തോന്നി
"ബിലാലേ, അങ്ങോട്ടേക്ക് ആദ്യം വാ. കാര്യം അവിടെ വച്ച് പറയാം" - ജസീക്കയുടെ ശബ്ദം കനത്തു
"എന്നാല്‍ വാ മക്കളെ, ഓന് കാര്യമായി വിളിക്കുന്നതല്ലേ. പോയി നോക്കാം" - ഗൌ ഞങ്ങളെ തള്ളി വിട്ടു
ഞങ്ങള്‍ പതിയെ മരച്ചുവട്ടിലേക്ക് നടന്നു. അവിടെ 'പൊതാവുര്‍ ബോയ്സ്'-ലെ (മറ്റൊരു പ്രസിദ്ധ ഗ്രൂപ്പ് ആണ് ഇത്) പിള്ളേരും ഉണ്ട്. ചുറ്റും നോക്കി മറ്റാരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ലെന് ജസീക്ക ഉറപ്പു വരുത്തി
"നമ്മള് എല്ലാവരും ഒരു ടൂര്‍ പോകാന്‍ വേണ്ടി വളരെയധികം ആഗ്രഹിച്ചു. പക്ഷെ പ്രിന്‍സി അവസാന നിമിഷം കാലു മാറി" - ജസീക്ക
"ഇത് ഇവിടെ കൂടിയിരിക്കുന്ന എല്ലാവര്ക്കും അറിയാം. ഇതു പറയാനാണോ ഞങ്ങളെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നത്" - ഇങ്ങനെ പറയണമെന്ന് ഉണ്ടായിരുന്നെങ്കിലും ജസീക്കയ്ക്ക് ദേഷ്യം വരുമെന്നതിനാല്‍ ഞാന്‍ അത് വിഴുങ്ങി
"കോളേജിലെ എല്ലാവരെയും കൊണ്ട് ഒരു ടൂര്‍ പോകുക എന്നത് ഇനി എന്തായാലും നടക്കില്ല. അതിനു പകരം ആയി നമ്മള് ഒരു ടൂര്‍ പ്ലാന്‍ ചെയ്യുന്നു" - ജസീക്ക തുടര്‍ന്നു
"നീ കാര്യം എന്താണെന്നു വച്ചാല്‍ തെളിച്ചു പറയ്"- ഗൌ പറഞ്ഞു
"കാര്യം നിസ്സാരം ആണ്. നിങ്ങള്‍ക്കെല്ലാം സമ്മതമാണെങ്കില്‍ നമ്മള് ഗോവയ്ക്ക് ടൂര്‍ പോകുന്നു. രണ്ടു ദിവസം അടിച്ചു പൊളിച്ചു തിരിച്ചു വരുന്നു"- ജസീക്ക
ഗോവ എന്ന് കേട്ടപ്പോള്‍ എല്ലാവരുടെയും കണ്ണുകളില്‍ ഒരു തിളക്കം വന്നത് ഞാന്‍ ശ്രദ്ധിച്ചു. കോളേജ് ടൂര്‍ പോളിഞ്ഞതിലുള്ള നാണക്കേട് മാറാന്‍ രണ്ടു ദിവസം ചീമേനിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് നല്ലതാണെന്ന് എനിക്കും തോന്നി. കൂടാതെ ഗോവന്‍ ബീച്ചുകളുടെ പ്രത്യേകതകളെ കുറിച്ച് ഒരു പാട് കേട്ടിടുണ്ട്. ഇങ്ങനെ ഒരു അവസരം ഇനി കിട്ടാന്‍ വഴിയില്ല.
"ഇതിനു മുന്‍പ് ആരെങ്കിലും നമ്മുടെ കൂട്ടത്തില്‍ നിന്ന് ഗോവയ്ക്ക് പോയിട്ടുണ്ടോ?"- ആഷി
"അതിനെ കുറിച്ച് പേടിക്കണ്ട. എന്റെ ഒരു പരിചയക്കാരന് ഉണ്ട്. പുള്ളിയില്‍ നിന്ന് നമുക്ക് താമസസ്ഥലത്തെക്കുറിച്ചും ഗോവയില്‍ കാണേണ്ട സ്ഥലങ്ങളെ കുറിച്ചും അന്വേഷിച്ചറിയാം"- പൊതാവുര്‍ ബോയ്സിലെ വിജേഷ് ഉണര്‍ത്തിച്ചു
"അങ്ങിനെയെങ്കില്‍ പുള്ളിയെ എത്രയും പെട്ടന്ന് വിളിക്ക്" - ആഷി ധൃതി കൂട്ടി
"അപ്പോള്‍ നമ്മള് ടീ ബ്രേക്ക്-ല്‍ വീണ്ടും ഇതേ സ്ഥലത്ത് കൂടുന്നു. ബാക്കി തീരുമാനങ്ങള്‍ അപ്പോള്‍ എടുക്കാം. എല്ലാവരും പോകാന്‍ റെഡി അല്ലെ?" - ജസീക്ക
ഞങ്ങള്‍ എല്ലാവരും സന്തോഷത്തോടെ തലയാട്ടി. പക്ഷെ ഒരാള്‍ മാത്രം സംശയത്തോടെ തല മെല്ലെ ആട്ടുകയെ ചെയ്തുള്ളൂ. അത് രഗീഷ് ആയിരുന്നു
അടുത്ത രണ്ടു ഹൌര്‍ ക്ലാസ്സില്‍ ഇരിക്കുംപോലും എന്റെ ചിന്തകളില്‍ മുഴുവന്‍ ഗൊവയായിരൂന്നു. ഇലെക്ട്രോനിക്സ് ബേസിക്സും മാത്സും ഒന്നും എന്റെ തലയില്‍ കയറിയില്ല
"നമ്മള് ഗോവയ്ക്ക് പോയെന്നു വീട്ടുകാര്‍ പ്രശ്നമാക്കില്ലേ?"- മാത്സ് പ്രോബ്ലം ചെയ്യുന്നതിനിടെ ഞാന്‍ ഗൌവിനോട് ചോദിച്ചു
"അതിനല്ലേ നമ്മള് വീട്ടുകാരോട് പറയാതെ പോകുന്നത്"- വളരെ സില്ലി ആയി ഗൌ മറുപടി പറഞ്ഞു
"ക്ലാസ്സിലെ പെണ്പിള്ളേര് വല്ലതും അറിയാന്‍ ചാന്‍സ് ഉണ്ടോ?"- ഞാന്‍ വീണ്ടും സംശയം എടുത്തിട്ടു. ഗോവയില്‍ കുറെ ചെക്കന്മാര് ചേര്‍ന്ന് പോയെന്നറിഞ്ഞാല്‍ പിന്നെ ഒരു പെണ്ണ് പോലും തിരിഞ്ഞു നോക്കില്ല
"അവറ്റകള് ഇനി അറിഞ്ഞാല്‍ തന്നെ നിനക്കെന്താ ഇത്ര പ്രശ്നം"- ഞാന്‍ ചോറിഞ്ഞോണ്ടിരിക്കുന്നത് അവനു അത്ര സുഖിക്കുന്നില്ല
മാത്ത്സ് ക്ലാസ് കഴിഞ്ഞ ഉടനെ ഞങ്ങള്‍ മരച്ചുവട്ടിലേക്ക് ഓടി. അവിടെ പറഞ്ഞുറപ്പിച്ചത് പോലെ എല്ലാവരും എത്തിയിട്ടുണ്ട്. ഒരു നക്സല്‍ ഗ്രൂപ്പ് ആരെയോ വധിക്കാന്‍ വേണ്ടി യോഗം ചേര്‍ന്ന മാതിരിയുള്ള ഗൌരവം എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു
"ഇന്ന് രാത്രി 11 മണിക്ക് ഗോവയ്ക്ക് ട്രെയിന്‍ ഉണ്ട്. അതില്‍ കയറിയാല്‍ നാളെ പുലര്‍ച്ചെ ഗോവയില്‍ എത്തും. പിന്നെ രണ്ടു ദിവസം അടിച്ചു പൊളിക്കാം"- ജസീക്ക തുടക്കമിട്ടു
"ഇന്ന് രാത്രി തന്നെ പോകാനോ?"- രഗീഷിന്റെ സ്വരത്തില്‍ ഒരു വിയോജിപ്പിന്റെ ഭാവം ഉണ്ടായിരുന്നു
"അതിനു തിങ്കളാഴ്ച നമുക്ക് പരീക്ഷ തുടങ്ങുവല്ലേ"- ഞാന്‍ ചോദിച്ചു
"അത് വെറും ഇന്റെര്ണല് പരീക്ഷ അല്ലെ. അതൊന്നും സീരിയസ് ആയി എടുക്കണ്ട. ഇപ്പോള്‍ നമ്മുക്ക് ഗോവയെ കുറിച്ച് മാത്രം ആലോചിച്ചാല്‍ മതി"- ജസീക്ക
"നിനക്കതു പറയാം. പരീക്ഷക്ക് ടോപ് സ്കോറര്‍ ആയിട്ടു ക്ലാസ്സില്‍ ഒന്ന് വിലസണമെന്നു വിചാരിച്ചതാ"- ഞാന്‍ മനസ്സില്‍ പറഞ്ഞു. പക്ഷെ ഗോവയെക്കാള്‍ വലുതല്ലലോ കോളേജ്
"അപ്പോള്‍ നമ്മള് ഇന്ന് രാത്രി ഗോവയ്ക്ക് തിരിക്കുന്നു. ഇനിയുള്ള രണ്ടു നാള് ഗോവന്‍ ബീച്ചുകളില്‍ നമ്മള് ആഘോഷിക്കുന്നു"- ഗൌ എല്ലാവരെയും മോട്ടിവേറ്റ് ചെയ്യാന്‍ നോക്കി
രാത്രി ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാണാം എന്ന വാഗ്ദാനത്തോടെ ഞങ്ങള്‍ ക്ലാസിലേക്ക് പോയി. അവസാന ഹൌര്‍ humanitics ക്ലാസ്സ് ആയിരുന്നു. സാധാരണ വളരെ ശ്രദ്ധയോടെ ക്ലാസ്സില്‍ ഇരിക്കുന്ന എനിക്കും ഗൌവിനും അന്ന് അതിനു സാധിച്ചില്ല (ഞങ്ങളുടെ പതിവ് ശ്രദ്ധക്കൂടുതലിന്റെ കാരണം എന്താണെന്നു വച്ചാല്‍ main hoon na- യിലെ സുസ്മിത സെന്നിനെ പോലെയായിരുന്നു കോളേജില്‍ ടീച്ചറുടെ വിലസല്). ഞങ്ങളുടെ മനസ്സ് ഇപ്പോളെ ഗോവന്‍ ബീച്ചുകളിലൂടെ പറന്നു നടക്കാന്‍ തുടങ്ങി
കോളേജ് വിട്ട ഉടനെ ഞങ്ങള്‍ അഞ്ചു പേരും വീട്ടിലേക്കു തിരിച്ചു.
"അപ്പോള്‍ നമ്മളാരും ഗോവന്‍ ട്രിപ്പ്-നെ കുറിച്ച് വീട്ടില്‍ പറയുന്നില്ലേ"- നടന്നു കൊണ്ടിരിക്കുന്നതിനിടെ രഗീഷ് ചോദിച്ചു
"ഇനിക്ക് പിരാന്താണോ ബലാലെ. ഗോവയ്ക്ക് പോയന്നെറിഞ്ഞാല് ഉമ്മയും ഉപ്പയും അപ്പോള്‍ കോളേജില്‍ എത്തും"- ജസീക്ക
"പക്ഷെ നമ്മുടെ വീട്ടില്‍ നിന്ന് ഫോണ്‍ വന്നാലോ"- രഗീഷ് വിശദീകരിച്ചു
രഗീഷ് പറഞ്ഞതില്‍ കാര്യമുണ്ട്. ഇന്ന് thursday ആണ്. സാധാരണ വെള്ളി രാത്രി, അല്ലെങ്കില്‍ ശനിയോ ഞായറോ ആണ് വീട്ടില്‍ നിന്ന് ഫോണ്‍ വരാറ്. സുപ്രിയേച്ചിയുടെ വീട്ടിലേക്കാണ് ഫോണ്‍ വരുക. അപ്പോള്‍ ഞങ്ങളില്ലെങ്കില്‍ പണി പാളും
"അതിനു ഒരു വഴിയുണ്ട്. ഇപ്പോല്‍ നമ്മള് എല്ലാരും വീട്ടില്‍ വിളിച്ചിട്ട് ഇന്ന് വൈകീട്ട് നമ്മള് കോളേജ് വക ടൂര്‍ പോകുവാണെന്ന് പറയുന്നു. ബംഗ്ലൂര്, മൈസൂര്‍ എന്നിവിടങ്ങളിലാണ് പോകുന്നതെന്നും രണ്ടു നാള് കഴിഞ്ഞേ തിരിച്ചു വരൂ എന്നും പറയാം"- ആഷിയുടെ ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങി
"സുപ്രിയേച്ചിയുടെ വീട്ടിലും അതെ നുണ തന്നെ കാച്ചാം"- ഗൌ സന്തോഷത്തോടെ പറഞ്ഞു
കോളേജ് ടൂര്‍ പോകാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് രണ്ടാഴ്ച മുന്‍പ് വീട്ടില്‍ നിന്ന് വിളിച്ചപ്പോള്‍ ഞങ്ങള്‍ പറഞ്ഞിരുന്നു. അതിനാല്‍ ഇപ്പോള്‍ ഇങ്ങനെ ഒരു നുണ കാച്ചിയാല്‍ വീട്ടുകാര്‍ വിശ്വസിച്ചോളും. കോളേജിലെ ആദ്യത്തെ ടൂര്‍ ആയതുകൊണ്ട് വീട്ടുകാര്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും പോകാനുള്ള അനുമതി നല്‍കിയിരുന്നു
"ഈ ഐഡിയ കൊള്ളാം. നമ്മള് ഗോവയ്ക്ക് പോകുവാണെന്ന് ഒരാള്‍ക്കും സംശയം തോന്നില്ല" - ഗോവന്‍ യാത്രയെ കുറിച്ച് ഓര്‍ത്തു എനിക്ക് സന്തോഷം സഹിക്കാനായില്ല
അങ്ങിനെ ഞങ്ങള്‍ അഞ്ചു പേരും മനോഹരമായ കള്ളം പറയാനായി രത്നാകരേട്ടന്റെ ടെലഫോണ്‍ ബൂത്തിലേക്ക് നടന്നു. കോളേജ് നിവാസികള്‍ക്ക്
പ്രിയപ്പെട്ടവരുടെ ശബ്ദം കേള്‍ക്കാനുള്ള ഏക ആശ്രയം ആയിരുന്നു ആ ബൂത്ത്. ഓരോരുത്തരായി ബൂത്തില്‍ കയറി ബംഗ്ലൂരിലേക്ക് കോളേജ് ടൂര്‍ പോകുന്നതിനെ കുറിച്ച് പറഞ്ഞു. മറുതലയ്ക്കല്‍ നിന്ന് ശ്രദ്ധിച്ചു പോകണം എന്നും സമയത്ത് ഭക്ഷണം കഴിക്കണം എന്നും സ്നേഹത്തോടെയുള്ള സംസാരം കേട്ടപ്പോള്‍ എല്ലാ സത്യവും തുറന്നു പറയണമെന്ന് ഒരു നിമിഷം തോന്നി പോയി. പിന്നെ ഇതൊരു ടീം വര്‍ക്ക് ആയിട്ടുള്ള നുണ ആയതിനാല്‍, ഒരാള്‍ സത്യം പറഞ്ഞാല്‍ ബാക്കി നാല് പേരുടെയും വീട്ടില്‍ ന്യൂസ് ഫ്ലാഷ് ആകും. ഞങ്ങളുടെ വീട്ടുകാര്‍ തമ്മില്‍ നല്ല പരിചയത്തിലാണ്. വഴിക്ക് എവിടെയെങ്കിലും വച്ച് ഒന്ന് ഫോണ്‍ ചെയ്യണം എന്ന് വീട്ടുകാര്‍ പറഞ്ഞു. ചെയ്യാം എന്ന് ഭവ്യതയോടെ മറുപടി പറഞ്ഞു
"അല്ല ജസീക്ക, രണ്ടു ദിവസത്തെ യാത്രക്ക് എത്ര കാശ് വേണ്ടി വരും"- തിരിച്ചു വീട്ടിലേക്കു നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു
"നിങ്ങളുടെ പക്കല്‍ എത്ര കാശ് കാണും"- ജസീക്ക ഒരു മറുചോദ്യമാണ് പകരം തന്നത്
"എല്ലാം കൂടെ നുള്ളി പെറുക്കിയാല്‍ ഒരു 1200 രൂപ കാണും"- ഞാന്‍ മറുപടി പറഞ്ഞു. ആ മാസത്തേക്കുള്ള ഭക്ഷണത്തിനും മറ്റാവശ്യങ്ങള്‍ക്കും വേണ്ടി മിച്ചമുള്ളതാണ് അത്. പക്ഷെ ഗോവയെക്കള് വലുതല്ലലോ മറ്റൊന്നും
"ഞങ്ങളുടെ കയ്യിലും അത്രോയൊക്കെ തന്നെയേ കാണുകയുള്ളൂ"- രഗീഷ്
"എന്റെ പക്കല്‍ കുറച്ചു കാശുണ്ട്. എന്തെങ്കിലും ആവശ്യം വന്നാല്‍ അതെടുക്കാം. രണ്ടു ദിവസത്തേക്ക് ഈ പണം മതിയാവുമെന്നു തോന്നുന്നു"-
ജസീക്ക
നേരെ സുപ്രിയെച്ചിയുടെ വീട്ടില്‍ പോയി ടൂര്‍ പോകുന്ന കാര്യം ഉണര്‍ത്തിച്ചു. രണ്ടു നാള് കഴിഞ്ഞേ തിരിച്ചു വരുകയുള്ലെന്നും. വീട്ടില്‍ കാര്യം പറഞ്ഞിട്ടുണ്ടുന്നും ഉണര്‍ത്തിച്ചു. എല്ലാം ശുഭം ആയി നടക്കും എന്ന ആത്മവിശ്വാസത്തോടെ വീട്ടിലേക്കു കയറി പാക്കിംഗ് തുടങ്ങി
രാത്രി പതിനൊന്നു മണിക്ക് ചെറുവത്തൂരില്‍ നിന്ന് ട്രെയിന്‍ കയറി. പൊതാവുര്‍ ബോയ്സ് അവിടെ നേരത്തെ തന്നെ എത്തിയിരുന്നു. ജീവിതത്തില്‍
എന്തോ വലിയ കാര്യം ചെയ്യാന്‍ പോകുന്ന ഒരു സംതൃപ്തി എല്ലാരുടെയും മുഖത്തുണ്ടായിരുന്നു. രാത്രി മുഴുവന്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു.
പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ഞങ്ങള്‍ ഗോവയില്‍ ആയിരുന്നു. രണ്ടു ദിവസം ഗോവയില്‍ ഞങ്ങള്‍ ശരിക്കും അര്‍മാദിച്ചു. ഗോവന്‍ ബീച്ചുകള്‍ ഒന്നൊന്നായി ഞങ്ങള്‍ കയറിയിറങ്ങി. ക്രൂയിസ് കപ്പല്‍ യാത്ര മറ്റൊരു മറക്കാനാവാത്ത അനുഭവം ആയിരുന്നു. അങ്ങിനെ ഞായര്‍ രാത്രി ഞങ്ങള്‍ നാട്ടിലേക്കുള്ള വണ്ടി കയറി. തിങ്കള്‍ പുലര്‍ച്ച ചെറുവത്തൂരില്‍ തിരിച്ചെത്തുകയും ചെയ്തു. പരീക്ഷ ഉള്ളതിനാല്‍ കുളിച്ചു റെഡി ആയി ഞങ്ങള്‍ കോളേജില്‍-ലേക്ക് പുറപ്പെട്ടു. ഗോവന്‍ യാത്രയുടെ സാഹസിക കഥകള്‍ കൂട്ടുകാരോട് പറഞ്ഞു ഒരു ഹീറോ ആയി വിലസാം എന്ന് മനസ്സില്‍ കണ്ടു ഞങ്ങള്‍ കോളേജില്‍-ലേക്ക് പ്രവേശിച്ചു
"നിങ്ങള്‍ എങ്ങോട്ടാണ് പോയത്. ആകെ പ്രശ്നമായെന്ന തോന്നുന്നേ. നിങ്ങള്‍ അഞ്ചു പേരും പ്രിന്‍സിയെ കണ്ടിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് നോട്ടീസ് ബോര്‍ഡില്‍ ഒട്ടിച്ചിട്ടുണ്ട്"- ഞങ്ങളെ കണ്ട പാടെ ഓടി വന്നു ഒരു കൂട്ടുകാരന് പറഞ്ഞു
"എന്താണ് കാര്യം" - ഞാന്‍ ചോദിച്ചു
"അറിയില്ല. പക്ഷെ കാര്യമായ എന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു"- സുഹൃത്ത് പറഞ്ഞു
ഞങ്ങള്‍ അഞ്ചു പേരുടെയും മുഖത്ത് ഒരു ഭീതിയുടെ നിഴല്‍ പരന്നു. കാര്യം എന്താണെന്നു അറിയാനുള്ള ആകാംക്ഷ എല്ലാരുടെയും മുഖത്തുണ്ടായിരുന്നു
"എന്തിനാണ് പ്രിന്‍സി നമ്മളെ കാണാമെന്നു പറഞ്ഞത്"- രഗീഷ് ടെന്‍ഷന്‍-നോടെ ചോദിച്ചു
"ട്രിപ്പ് പോകുന്നതിനു മുന്‍പ് നമ്മള് കോളേജില്‍ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ലലോ"- ഞാന്‍ മറുപടി പറഞ്ഞു
"ഇനിയിപ്പോ നമ്മുടെ ഗോവന്‍ ട്രിപ്പ്-നെ കുറിച്ച് പ്രിന്‍സി വല്ലതും അറിഞ്ഞോ"- ഗൌ സംശയം പ്രകടിപ്പിച്ചു
"അതിനു വഴിയില്ല. നമ്മള് ഈ വിവരം മറ്റാരോടും പറഞ്ഞിട്ടില്ലലോ"- ആഷി സമാധാനിപ്പികാന്‍ നോക്കി
"എന്തായാലും നമ്മള്‍ക്ക് ഒരുമിച്ചു പോയി പോകാം. രണ്ടു ദിവസം എവിടെയാണെന്നോ മറ്റോ ചോദ്യം വന്നാല്‍ നമ്മള് വീട്ടിലേക്കു പോയെന്നോ മറ്റോ കള്ളം പറയാം"- ജസീക്ക പറഞ്ഞു
പ്രിന്‍സിയുടെ കതകില്‍ മുട്ടിയ ശേഷം വാതില്‍ പതിയെ തുറന്നു ഞങ്ങള്‍ അകത്തേക്ക് നോക്കി. ആശാന് കസേരയില്‍ ഇരിപ്പുണ്ട്. ശബ്ദം കേട്ട് അദ്ദേഹം തല ഉയര്‍ത്തി നോക്കി
"ഹ, വീരന്മാര് വന്നോ. അകത്തോട്ടു കേറിയാട്ടെ"- പ്രിന്‍സി ഒരു പുച്ച്ച മനോഭാവത്തോടെ പറഞ്ഞു
"ഗുഡ് മോര്‍ണിംഗ് സര്"- ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ഇനി ഇതിന്റെ ഒരു കുറവ് വേണ്ട എന്ന് ഞങ്ങള്‍ വിചാരിച്ചു
"എവിടെയായിരുന്നു മക്കള്‍ രണ്ടു ദിവസം"- പ്രിന്‍സി ചോദിച്ചു
"ഞങ്ങള്‍ നാട്ടില്‍ പോയിരിക്കുകയായിരുന്നു സര്"- കൂട്ടത്തില്‍ അല്പം ധൈര്യ ശാലിയായ ജസീക്ക മറുപടി പറഞ്ഞു
"ആണോ, പക്ഷെ നിങ്ങള്‍ രണ്ടു ദിവസം കോളേജ് വക ടൂര്‍-ലാണ് എന്നാണല്ലോ ഞാന്‍ അറിഞ്ഞത്"- പ്രിന്‍സിയുടെ ശബ്ദം അല്പം കനത്തു
ഇത് കേട്ടതോടെ ഞങ്ങളുടെ ഉള്ള ധൈര്യവും ചോര്‍ന്നു പോയി. രഹസ്യങ്ങള്‍ എവിടെയോ ലീക്ക് ആയിട്ടുണ്ട്. എവിടെയാണ് പാളിച്ച പറ്റിയതെന്നു മനസ്സിലാകുന്നില്ല
"കോളേജ് വക ടൂര്‍ പോകുന്നെന് വീട്ടുകാരോട് കള്ളം പറഞ്ഞു എങ്ങോട്ടാണ് അഞ്ചും കൂടെ പോയത്. നിനക്കൊക്കെ തോന്ന്യവാസം കാണിക്കാന്‍ കോളേജ്-ന്റെ പേര് ഉപയോഗിക്കണം അല്ലെ"- പ്രിന്‍സി ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു
ഒരു വാക്ക് പോലും ഉരിയാടാനുള്ള ശക്തി ഇല്ലാതെ ഞങ്ങള്‍ തണുത്തു വിറങ്ങലിച്ചു നിന്നു. പ്രിന്‍സി എല്ലാം അറിഞ്ഞിരിക്കുന്നു. ഇനി ഒന്നും രക്ഷയില്ല. ഒരു സസ്പെന്ഷന് ഉറപ്പിക്കാവുന്ന വകയുണ്ട്. രണ്ടു ദിവസത്തെ ഗോവന്‍ സന്തോഷം മുഴുവന്‍ ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതെ ആയി
"അഞ്ചു പേരും രക്ഷിതാക്കളെ വിളിച്ചോണ്ട് വന്നിട്ട് ക്ലാസില്‍ കയറിയാല്‍ മതി"-പ്രിന്‍സി കനത്ത ശബ്ദത്തില്‍ പറഞ്ഞു. ഇത് കേട്ടതോടെ ഞങ്ങളുടെ മുഖത്ത് ഒരു ദയനീയ ഭാവം വിരിഞ്ഞു
"സര്, ഞങ്ങള്‍ക്ക് ഒരു അബദ്ധം പറ്റിയതാ. ഇനി ഇത് പോലൊന്നും ഉണ്ടാവില്ല"- ആഷി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു
അടുത്ത പത്തു മിനിറ്റു അവിടെ നടന്നത് പുറത്തു പറഞ്ഞാല്‍ ഞങ്ങളുടെ വില നഷ്ട്ടപെടും എന്നതിനാല്‍ അതിനു മുതിരുന്നില്ല. പ്രിന്‍സിയുടെ കയ്യും കാലും പിടിച്ചു കരഞ്ഞു അപേക്ഷിച്ചതിന്റെ ഫലമായി രക്ഷിതാക്കളെ കൂട്ടിക്കൊണ്ടു വരണമെന്ന വ്യവസ്ഥ പ്രിന്‍സി പിന്‍വലിച്ചു. ഇത് ആദ്യത്തെ സംഭവം ആയതിനാല്‍ ഒരു താക്കീത് നല്കി വിട്ടയക്കാമെന്ന് പ്രിന്‍സി സമ്മതിച്ചു. ഇനി ഇത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന് വെള്ളക്കടലാസില്‍ എഴുതി ഒപ്പിട്ടു കൊടുക്കുകയും ചെയ്തു. ഒരു നന്ദി പറഞ്ഞു പ്രിന്‍സിയുടെ മുറിയില്‍ നിന്നു ഞങ്ങള്‍ ഇറങ്ങി. എന്താണ് നടന്നതെന്ന് അറിയാന്‍ വേണ്ടി ഒരു കൂട്ടം പിള്ളേര് പുറത്തു കാത്തു നില്‍പ്പുണ്ടായിരുന്നു.
"എന്തിനാ പ്രിന്‍സി വിളിപ്പിച്ചത്"- ഒരു സുഹൃത്ത് ചോദിച്ചു
"ഹേയ്, പ്രശ്നം ഒന്നും ഇല്ല"- എന്ന് പറഞ്ഞിട്ട് ഞങ്ങള്‍ കാന്റീന്-ലേക്ക് പോയി. എന്നാലും ഇതൊക്കെ പ്രിന്‍സി എങ്ങനെ അറിഞ്ഞു എന്ന ദുരൂഹത ഞങ്ങളില്‍ നിറഞ്ഞു നിന്നു
അന്ന് വൈകീട്ട് വരെ പ്രിന്‍സി കാര്യങ്ങള്‍ ഒക്കെ എങ്ങനെ അറിഞ്ഞു എന്ന ചിന്ത ഞങ്ങളെ അലട്ടിക്കൊണ്ടിരുന്നു. പക്ഷെ വൈകീട്ട് വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍ എല്ലാ സംശയവും തീര്‍ന്നു കിട്ടി. മറുതലയ്ക്കല്‍ നിന്ന് തെറിയുടെ അഭിഷേകം ആയിരുന്നു. പ്രിന്‍സിയെ കൂടാതെ വീട്ടുകാരും എല്ലാം അറിഞ്ഞിരിക്കുന്നു. വീട്ടുകാരുടെ ശകാര വര്‍ഷം കഴിഞ്ഞപ്പോളാണ് എവിടെയാണ് പാളിച്ച പറ്റിയതെന്നു മനസ്സിലായത്. രഹസ്യ ഗോവന്‍ യാത്ര പരസ്യമായത് എങ്ങിനെ എന്നത് ചുവടെ ചേര്‍ക്കുന്നു
1) thursday വൈകീട്ട് വീട്ടിലേക്കു ഫോണ്‍ ചെയ്തു ഞങ്ങള്‍ കോളേജ് ടൂര്‍ പോകുകയാണെന്ന കള്ളം വീട്ടില്‍ അവതരിപ്പിക്കുന്നു. ഇടയ്ക്കു ഫോണ്‍ ചെയ്യണം എന്ന് വീട്ടുകാര്‍ പറയുന്നു
2) ഗോവയില്‍ എത്തി തകര്‍ത്തു ആഘോഷിച്ച ഞങ്ങള്‍ വീട്ടുകാരെ ഫോണ്‍ ചെയ്യുന്ന പാടെ കാര്യം മറന്നു പോകുന്നു
3) പിറ്റേന്ന് വൈകീട്ടായിട്ടും മക്കളെ കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനാല്‍, രഗീഷിന്റെ വീട്ടില്‍ നിന്നും ജസീക്കയുടെ വീടിലേക്ക് ഫോണ്‍ കാള്‍ വരുന്നു
4) അങ്ങിനെ ബാക്കി മൂന്നു പേരുടെയും വീട്ടിലെ ഫോണ്‍ ബെല്‍ അടിക്കുന്നു. അച്ഛനമ്മമാര്‍ പരിഭ്രാന്തരാകുന്നു
5) അടുത്ത പടി എന്ന നിലക്ക്, സുപ്രിയേച്ചിയുടെ വീട്ടിലേക്കു ഫോണ്‍ വരുന്നു. അഞ്ചു പേരും തലേന്ന് രാത്രി തന്നെ കെട്ടും കെട്ടി ടൂര്‍ പോയെന്നു മറുപടി ലഭിക്കുന്നു
6) കുട്ടികള്‍ക്ക് എന്തോ ആപത്തു പിണഞ്ഞു എന്ന ഭയത്താല്‍ കോളേജ് ഫോണിലേക്ക് വിളിക്കുന്നു. ബംഗ്ലൂരിലേക്ക് കോളേജ് ടൂര്‍ പോയ സംഘത്തെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ എന്ന് അന്വേഷിക്കുന്നു
7) ഇവിടുന്നാരും ഒരിടത്തേക്കും ടൂര്‍ പോയിട്ടില്ലെന്ന് മറുപടി ലഭിക്കുന്നു. ശുഭം
വാല്‍കഷ്ണം:- കള്ളി വെളിച്ചത്തായതിന്റെ അപമാന ഭാരത്താല്‍ ഞങ്ങള്‍ പരീക്ഷയ്ക്ക് അന്തസ്സായി പൊട്ടി. ആദ്യ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികള്‍ അവരുടെ കാമുകന്മാരെ തിരഞ്ഞെടുക്കാന്‍ തുടങ്ങി. ഈ സംഭവത്തിനു ശേഷം കുറച്ചു നാള് പെണ്‍കുട്ടികള്‍ ഞങ്ങളെ തിരിഞ്ഞു നോക്കാതായി. കാന്റീന് കമിതാക്കളുടെ താവളം ആകാന്‍ തുടങ്ങിയതോടെ അസൂയ മൂത്ത് ഞങ്ങള്‍ അങ്ങോട്ട് പോകാതായി. വീട്ടിലേക്കു പോയാല്‍ തല്ലു കിട്ടുമെന്ന് ഭയന്ന് അങ്ങോട്ടേക്കുള്ള പോക്കും നിര്‍ത്തി വച്ചു