Wednesday 20 June 2012

മാതുവേടത്തിയും ബിപ്രോയും


രാവിലെ എണീറ്റു കാപ്പിയോടോപ്പമുള്ള പത്ര വായന ഏതൊരു മലയാളിയെയും പോലെ എന്റെയും ശീലം ആയിരുന്നു. പത്രം എടുത്തു നിവര്‍ത്തി വാര്‍ത്തകളിലൂടെ കണ്ണോടിക്കുന്ന നേരത്താണ് ആ

പരസ്യ വാചകം എന്റെ ശ്രദ്ധയില്‍ പെട്ടത്.
'ഓണ സദ്യ ഓര്‍ഡര്‍ ചെയ്യൂ. വെറും 199 രൂപയ്ക്ക്'

ഒരു ഹോട്ടല്‍-ന്റെ ഓണ സദ്യയുടെ പരസ്യം ആണ്. ഒപ്പം വിഭവങ്ങളുടെ ഒരു പട്ടികയും ഉണ്ട്.  ഓണം എത്താറായി എന്ന കാര്യം അപ്പോളാണ് ഓര്‍ത്തത്‌. മലയാളിക്ക് ഓണം എന്നാല്‍

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകള്‍ ആണ് ഓര്‍മയില്‍ തെളിയുക. പക്ഷെ ഓണം എന്നാല്‍ അത്ര സുഖമുള്ള  ഓര്‍മ്മകള്‍ അല്ല ആദ്യം എന്‍റെ മനസ്സില്‍ വരുക, പ്രത്യേകിച്ച് ഓണസദ്യ

എന്ന് കേള്‍ക്കുമ്പോള്‍. അതിനു കാരണം  വര്‍ഷങ്ങള്‍ക്കു പുറകിലുള്ള ഒരു  ഗതികെട്ട എന്‍റെ തിരുവോണ നാളാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ആ സംഭവം നിങ്ങള്‍ക്കായി ഞാന്‍ പൊടി തട്ടിയെടുക്കുന്നു

ബടേര തെരൂലെ ഒരു സായാഹ്നത്തിലാണ് മേല്‍പ്പറഞ്ഞ സംഭവ വികാസങ്ങളുടെ തുടക്കം

"ഇഞ്ഞിയേട്യാ മോനെ പൊന്നേ" - വൈകീട്ട് ഒന്ന് നടക്കാന്‍ വേണ്ടി വീട്ടില്‍ നിന്ന് ഇടവഴിയിലേക്ക് ഇറങ്ങിയപ്പോളാണ് പുറകില്‍ നിന്ന് ഈ ചോദ്യം ഉയര്‍ന്നത്. പ്രതീക്ഷിക്കാതെ പുറകില്‍ നിന്നുള്ള  ചോദ്യം എന്നെ ഒന്ന് ഞെട്ടിച്ചെങ്കിലും തിരിഞ്ഞു നോക്കി ആളെ കണ്ടപ്പോളാണ് സമാധാനം ആയത്. അത് മാതുവേടത്തിയായിരുന്നു. മാതുവേടത്തി നാട്ടില്‍ അറിയപ്പെടുന്ന ഒരു വ്യക്തി ആണ്. പ്രായം തൊണ്ണൂറിനോട് അടുത്തിരിക്കുന്നു. കൂനിയാണ് ഇപ്പോള്‍ നടപ്പ്. നിറം മങ്ങിയ വെള്ള മുണ്ടും ബ്ലൌസും ആണ് വേഷം. ചെരുപ്പ് ഉപയോഗിക്കാറില്ല. സദാ സമയവും മുറുക്കാന്‍ ഉപയോഗിക്കും. എന്നാല്‍ ഇതൊന്നും അല്ല മാതുവേടത്തിയെ നാട്ടില്‍ പ്രശക്തയാക്കാന്‍ ഉള്ള കാരണം. ബടേര തെരൂലെ പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ ചാവാറായ കിളവന്മാരെ വരെ മാതുവേടത്തിക്ക് സുപരിചിതം ആണ്. ആരെ എവിടെ വച്ച് കണ്ടാലും എന്തേലും കുശലം ചോദിക്കും. 

എന്‍റെ കുട്ടിക്കാലത്തെ ഒരു വിഷു ദിനത്തിലാണ് മാതുവേടത്തിയെ ഞാന്‍ ആദ്യമായി കാണുന്നത്. എല്ലാ വിശേഷ ദിവസങ്ങളിലും മാതുവേടത്തി തെരൂലെ ഓരോ വീടിലും കയറി കൈനീട്ടം വാങ്ങിക്കും. അമ്മ നല്‍കുന്ന നാണയം സന്തോഷത്തോടെ വാങ്ങി നടന്നു നീങ്ങുന്ന മാതുവേടത്തി എന്നും എന്‍റെ ഓര്‍മകളില്‍ ഉണ്ടായിരുന്നു. എന്റെ കുട്ടിക്കാലം മുതല്‍ ഒരിക്കല്‍ പോലും ഇതിനു ഒരു മുടക്കം വരുത്തിയതായി ഓര്‍മയില്ല. ബടേര തെരൂലെ ആരെ കുറിച്ച് ചോദിച്ചാലും മുഴുവന്‍ വിവരങ്ങളും മാതുവേടത്തി നിമിഷങ്ങള്‍ക്കകം തരും. ഇപ്പോള്‍ സ്വല്പം കേള്‍വിക്കുറവു ബാധിച്ചിട്ടുണ്ട്. കപ്പ വാങ്ങിക്കാന്‍ പോകുവാണെന്ന് പറഞ്ഞാല്‍, നീ കപ്പല് വാങ്ങിക്കാനൊക്കെ ആയോ എന്ന് തിരിച്ചു ചോദിക്കുന്ന അവസ്ഥ ആയിട്ടുണ്ട്‌. എന്നാലും പരിചയക്കാര്‍ പറയുന്നത് ചുണ്ടനക്കത്തിലൂടെ മനസ്സിലാകും

"വെറുതെ നടക്കാന്‍ ഇറങ്ങിയതാ"- ഞാന്‍ കുറച്ചു ഉച്ചത്തില്‍ മറുപടി പറഞ്ഞു
 
"ഇന്റെ പഠിപ്പെല്ലാം കയിഞ്ഞോ മോനെ" - മാതുവേടത്തി എന്നെ വിടാനുള്ള ഭാവം ഇല്ലെന്നു തോന്നുന്നു 
 
"ആ കഴിഞ്ഞു"

"ഇനിക്ക് പണിയൊന്നും ആയില്ലേ?" - ഈ ചോദ്യം എനിക്കത്ര പിടിച്ചില്ല. എഞ്ചിനീയറിംഗ് പഠിത്തം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു ആശ്വാസം ആയിരുന്നു മനസ്സിന്. ഇനി പരീക്ഷ, ലാബ് എക്സാം, ഇന്‍റെര്‍ണല്‍സ് തുടങ്ങിയ ഭയാനകം ആയ സംഗതികളെ കുറിച്ചൊന്നും ആലോചിക്കണ്ടല്ലോ. നാല് കൊല്ലം കഷ്ടപ്പെട്ടതിനു പകരം ഇനി കുറച്ചു കാലത്തേക്ക് നാട്ടില്‍ സുഖം ആയി ജീവിക്കണം. പക്ഷെ ആദ്യത്തെ ഒന്ന് രണ്ടു ദിവസത്തെ സുഖ ജീവിതത്തിനു ശേഷം കാര്യങ്ങള്‍ പാടെ തകിടം മറിഞ്ഞു. ജോലിയൊന്നും ആയില്ലേ എന്ന ചോദ്യം എല്ലാ കോണുകളില്‍ നിന്നും കേള്‍ക്കാന്‍ തുടങ്ങി. നാട്ടില്‍ ഒരു പണിയും ചെയ്യാതെ തെണ്ടി തിരിഞ്ഞു നടക്കുന്നവന്മാര്‍ പോലും കണ്ടാല്‍ പരിഹാസത്തോടെ ചോദിക്കും-'നിനക്ക് പണിയൊന്നും ആയില്ലേടാ'. അവസാനം ഗതി കേട്ട് പകല്‍ വെളിച്ചത്തില്‍ പുറത്തേക്കു ഇറങ്ങുന്നത് വരെ ഒഴിവാക്കി. അങ്ങിനെ ഇരിക്കെ പകല്‍ മുഴുവന്‍ വീട്ടില്‍ ഇരുന്നിട്ട് വൈകീട്ട് ഒന്ന് നടക്കാനിറങ്ങിയപ്പോളാണ് മാതുവേടത്തിയെ കണ്ടത്. ഇനി ഈ ചോദ്യംചോദിയ്ക്കാന്‍ തെരൂല് മാതുവേടത്തി മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ

"ഒന്നും ആയിട്ടില്ല. ജോലിക്ക് നോക്കുന്നുണ്ട്"- രോഷം കടിച്ചമര്‍ത്തി മറുപടി പറഞ്ഞു

"ഞ്ഞി എഞ്ചിനീയര്‍-ന്റെ പഠിപ്പല്ലേ കയിഞ്ഞേ"-  ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ ചോദിക്കുന്നത് എന്നെ ആലോസരപ്പെടുത്തി എങ്കിലും എന്നെ കുറിച്ച് ഇത്ര വിശദമായി  മനസ്സിലാക്കി ഇരിക്കുന്നു എന്നോര്‍ത്ത് മാതുവേടത്തിയോടു എനിക്ക് ബഹുമാനം തോന്നി. മാതുവേടത്തിയുടെ ഓര്‍മ ശക്തിയെ കുറിച്ച് എല്ലാരും പറയുന്നത് വെറുതെ അല്ലെന്നു എനിക്ക് മനസിലായി

"അതെ"- ഒട്ടും താല്പര്യം ഇല്ലാത്ത ഭാവത്തില്‍ ഞാന്‍ മറുപടി പറഞ്ഞു

"മ്മടെ കുഞ്ഞിപ്പൊരേലെ മനോരന്റെ ചെറിയോനും ഇന്റതേ പഠിപ്പാണല്ലോ. ഓനിപ്പോ ബിപ്രോലാണല്ലോ പണീ, ബേന്ഗ്ലൂര്. ഇനിക്കാടെയോന്നും കിട്ടൂല്ലേ മോനേ"- ഐടി കമ്പനികളുടെ പേര് വരെ

മാതുവേടത്തിക്ക് അറിയാമെന്നത് എന്നെ വിസ്മയപ്പെടുത്തി. എഞ്ചിനീയറിംഗ്-ന്റെ അവസാന നാളുകളില്‍ ആണ് ഞാന്‍ മിക്ക ഐടി കമ്പനികളുടെ പേരും പഠിച്ചത്. ആയ കാലത്ത് ശ്രമിച്ചിരുന്നെങ്കില്‍ മാതുവേടത്തി ഒരു കളക്ടറോ എഞ്ചിനീയറോ മറ്റോ ആയേനെ എന്ന് എനിക്ക് തോന്നി. അത്രയ്ക്കുണ്ട് ഓര്‍മ്മശക്തി. ഒരു കാര്യം ഒറ്റ തവണ കേട്ടാല്‍ മതി, പിന്നീടവര്‍ മറക്കില്ല.

"ശ്രമിക്കുന്നുണ്ട്. കിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടാ.... എന്നാ പിന്നെ ഞാന്‍ വേഗത്തില്‍ നടക്കട്ടെ, തിരക്കുണ്ട്‌" - ഞാന്‍ എത്രയും പെട്ടന്ന് തടി തപ്പാന്‍ നോക്കി

"എന്നാ അങ്ങിനെ ആയിക്കോട്ടെ മോനെ"- മാതുവേടത്തി എനിക്ക് പോകാനുള്ള അനുമതി നല്‍കി. പ്രത്യേകിച്ച് ഒരു തിരക്കും ഇല്ലെങ്കിലും ഏതോ അത്യാവശ്യ കാര്യത്തിനു പോകുന്ന പോലെ ഞാന്‍ നടത്തത്തിനു വേഗത കൂട്ടി


ദിവസം കഴിയും തോറും നാട്ടില്‍ മനസ്സമാധാനത്തോടെ ജീവിക്കാന്‍ വയ്യെന്ന അവസ്ഥ ആയിക്കൊണ്ടിരുന്നു. എഞ്ചിനീയറിംഗ് കഴിഞ്ഞ ഒരുവന്‍ ജോലിക്കൊന്നും പോകാതെ ചുമ്മാ ചുറ്റിയടിച്ചു നടക്കുന്നു എന്ന കണ്ണോടെ എല്ലാവരും എന്നെ നോക്കാന്‍ തുടങ്ങി. എന്തോ അപരാധം ചെയ്ത പോലെ ഒരു കുറ്റബോധം മനസ്സില്‍ ഉടലെടുക്കാന്‍ തുടങ്ങിയപ്പോള്‍ ജോലി അന്വേഷിച്ചു വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചു. കോളേജ് കൂട്ടുകാരെ ഫോണ്‍ വിളിച്ചു വിവരം പറഞ്ഞപ്പോള്‍ ആണ് മനസ്സിലായത് അവരും എന്റെ അതെ അവസ്ഥയില്‍ ആണെന്ന്. അതോടെ ഞങ്ങള്‍ ബാംഗ്ലൂരിലേക്ക് കൂട്ടത്തോടെ ചേക്കേറാന്‍ തീരുമാനിച്ചു. അങ്ങിനെ ഞാനും കൂട്ടുകാരും ബംഗ്ലൂര്‍ നഗരത്തില്‍ എത്തി. കൂടെ ഉള്ള ചിലര്‍ക്ക് ഇംഗ്ലീഷ് അറിയാവുന്നത് കൊണ്ട് ഞങ്ങള്‍ക്ക് അഞ്ചു പേര്‍ക്ക് കിടക്കാന്‍ ഒരു മുറി തരപ്പെട്ടു. ആള്‍ക്കാരുടെ തല എണ്ണി ആണ് റൂമിന്റെ വാടക.

ദിവസങ്ങള്‍ കടന്നു പോയ്‌ക്കൊണ്ടേ ഇരുന്നു. ബംഗ്ലൂരില്‍ വന്നിട്ട് ഇന്നേക്ക് രണ്ടു മാസം കഴിഞ്ഞു. കണ്ടാല്‍ ആരും ഞെട്ടി പോകുന്ന തരത്തില്‍ ഒരു പത്രിക (resume) തയ്യാറാക്കിയിട്ടു കാണുന്ന ഇമെയില്‍ വിലാസത്തില്‍ ഒക്കെ അയച്ചിട്ടും ഒരുത്തന്‍ പോലും തിരിഞ്ഞു നോക്കിയിട്ടില്ല.  പണിയില്ലാതെ ഇങ്ങനെ ഇരിക്കേണ്ടി വരുമോ എന്നുള്ള ആധി മനസ്സില്‍ കൂടി വന്നു. പോരാത്തതിന് വീട്ടില്‍ നിന്ന് അയച്ചു തരുന്ന കാശ് ഇവിടെ ജീവിക്കാന്‍ മതിയാകുന്നുമില്ല. ഒരു ജോലി കിട്ടാതെ വീട്ടിലേക്കു പോകാനും തോന്നുന്നില്ല


അങ്ങിനെ ഇരിക്കെ ഓണക്കാലം വന്നെത്തി. ഏതൊരു മലയാളിയെയും പോലെ എന്റെ മനസ്സും മന്ത്രിച്ചു. ഓണത്തിന് നാട്ടില്‍ പോയി സദ്യയും കഴിച്ചു വീട്ടുകാരോടൊത്ത്‌  ആഘോഷിച്ചില്ലെങ്കില്‍ എന്തോന്ന് മലയാളി. ഇന്ന് വരെ ഉള്ള എല്ലാ ഓണവും വീട്ടില്‍ തന്നെയാണ് ആഘോഷിച്ചത്. അങ്ങിനെ ഞാന്‍ വിഷയം സഹ മുറിയനായ ഗൌതമിനോട് അവതരിപ്പിച്ചു

"എടാ, ഓണത്തിന് നാട്ടില്‍ പോണ്ടേ"

"ഓണം ആവാറായോ. ഇവിടെ വന്ന ശേഷം ദിവസങ്ങളെ കുറിച്ചൊന്നും ഒരു ബോധവും ഇല്ല"

"ഇത്രയും കാലം ഇവിടെ നിന്നത് കൊണ്ട് വീട് മുതലാളിയായ ആന്ധ്രക്കാരന് മാത്രമേ ഗുണം ഉണ്ടായുള്ളൂ"

"ശെരിയാ"

"ജോലി കിട്ടുന്നത് അത്രയ്ക്ക് എളുപ്പം ഒന്നും അല്ല. ഞാന്‍ ഏതായാലും ഓണം ആഘോഷിക്കാന്‍ തീരുമാനിച്ചു"

"എന്നാ നമുക്ക് പോയി ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം"

അങ്ങിനെ ഞങ്ങള്‍ രണ്ടാളും അടുത്തുള്ള കര്‍ണാടക ബസ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്ന സ്ഥലത്തെത്തി. ഉത്രാടത്തിന് രാത്രി നാട്ടിലേക്കുള്ള രണ്ടു ടിക്കറ്റ്‌ എടുത്തു. ഉത്രാട രാവിന് ഇനി ഒരു ആഴ്ച ഉണ്ട്. ഓഗസ്റ്റ്‌ 28 -നു ആണ് ഓണം.

"എടാ, ഒരു ഇന്റര്‍വ്യൂ മെയില്‍ വന്നിട്ടുണ്ട്" - ഇന്റര്‍നെറ്റ്‌ കഫെയില്‍ ഇരുന്നു ചാറ്റിങ്ങില്‍ ബിസി ആയ എന്നോട് തൊട്ടടുത്ത്‌ ഇരുന്ന ഗൌ പറഞ്ഞു

"തന്നെയോ?. ഏതാ കമ്പനി?" - അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു. ഇവിടെ വന്നിട്ട് ഇത് വരെ ഒരുത്തന്‍ പോലും ഇന്റര്‍വ്യൂ-നു വിളിച്ചിട്ടില്ല. ആകെ കൂടെ വിളിക്കുന്നത്‌ കണ്‍സല്‍ട്ടന്‍സി-കാരാണ്. അവന്മാര്‍ക്ക് 250 രൂപ കൊടുത്താല്‍ ജോലി തരാമത്രേ. കൂടെയുള്ള ബുദ്ധിജീവികള്‍ അത് വേണ്ട എന്ന് പറഞ്ഞതോടെ അങ്ങോട്ട്‌ പോയില്ല.

"വിപ്രോയാ"

ആ പേര് എന്റെ ഓര്‍മകളെ കുറിച്ച് പുറകിലോട്ടു വലിച്ചു. ദൈവമേ, ഇത് മാതുവേടത്തി പറഞ്ഞ ആ വിപ്രോ അല്ലെ.

"നമ്മള്‍ ഒരുമിച്ചല്ലേ എല്ലായിടത്തും പത്രിക സമര്‍പ്പിച്ചത്. ഞാന്‍ എന്റെ മെയില്‍ ഒന്ന് ചെക്ക്‌ ചെയ്യട്ടെ"- ഞാന്‍ പറഞ്ഞു. സര്‍വ ദൈവങ്ങളെയും മനസ്സില്‍ വിളിച്ചു ഞാന്‍ ഇമെയില്‍ ഓപ്പണ്‍ ചെയ്തു. എങ്ങാനും എന്നെ ഇന്റര്‍വ്യൂ-നു വിളിച്ചില്ലേല്‍ പ്രശ്നമാ. ഗൌവിനു വിപ്രോയില്‍ ജോലി കിട്ടുന്നതും ഞാന്‍ ജോലി ഇല്ലാതെ നടക്കുന്നതും കുറിച്ച് ഓര്‍ത്തപ്പോള്‍ ബംഗ്ലൂരിലെ തണുപ്പിലും ഞാന്‍ ഒന്ന് വിയര്‍ത്തു

'Walk-in Wipro Banglore on August 28'. ഏറ്റവും മുകളിലുള്ള ഇമെയിലിന്റെ വിഷയം കണ്ടപ്പോളാണ് എനിക്ക് ശ്വാസം നേരെ വീണത്‌

"എന്നെയും വിളിച്ചിട്ടുണ്ട്"- സന്തോഷത്തോടെ ഞാന്‍ ഗൌവിനോട് പറഞ്ഞു

"അവസാനം ഒരു ഇന്റര്‍വ്യൂനു എങ്കിലും വിളിച്ചല്ലോ"- ഗൌവിനും എന്റെ അതെ സന്തോഷം

"എന്തൊക്കെയാണ് ജോബ്‌ requirement എന്ന് നോക്കട്ടെ" - ഇമെയില്‍ വിശദമായി വായിക്കാന്‍ ഞാന്‍ കമ്പ്യൂട്ടര്‍-ലേക്ക് നോക്കി. മനസ്സിരുത്തി മെയില്‍ മുഴുവന്‍ വായിച്ചപ്പോള്‍ എന്റെ ഉള്ളൊന്നു കാളി. ഞാന്‍ ഗൌവിനോട് അല്പം സങ്കടത്തോടെ പറഞ്ഞു

"ഇന്റര്‍വ്യൂ ഓഗസ്റ്റ്‌ 28-നു ആണ്. അതായത് ഓണത്തിന്റെ അന്ന്. എന്ത് ചെയ്യും"

"ചതിച്ചല്ലോ. എന്തായാലും വാ. റൂമില്‍ പോയി ഒരു തീരുമാനം എടുക്കാം"

ഇന്റര്‍വ്യൂനു പോകാതെ നമുക്ക് നാട്ടില്‍ പോകാം എന്ന് ഗൌ പറയും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ വിഷയം മറ്റുള്ളവരുടെ മുന്‍പില്‍ ചര്‍ച്ചക്ക് വെച്ചപ്പോള്‍ എല്ലാവന്മാരും ഒരേ സ്വരത്തില്‍ പറഞ്ഞു

"ഓണം എല്ലാ കൊല്ലവും വരും. ഇത് പോലെ ഒരു ഇന്റര്‍വ്യൂ ചാന്‍സ് എപ്പോളും കിട്ടിയെന്നു വരില്ല". ഒന്നാലോചിച്ചു നോക്കിയപ്പോള്‍ എനിക്കും ശെരിയാണെന്ന് തോന്നി. പോരാത്തതിന് നാട്ടില്‍ വച്ച് എങ്ങാനും മാതുവേടത്തി കണ്ടാല്‍ ഇങ്ങനെ ചോദിക്കില്ലേ

"ഇന്ന ബിപ്രോല് ജോലിക്ക് വിളിച്ചിട്ട് എന്തെ പോവാത്തെനൂ". അതും പോരാഞ്ഞിട്ട് വേണേല്‍ അവര്‍ നാട് മുഴുവന്‍ ഇങ്ങനെ പറഞ്ഞു നടക്കും
"ഓന് ബിപ്രോലൊന്നും ജോലിക്ക് പോവാനുള്ള ആവതില്ലാന്നാ തോന്നുനെ. ഇപ്പോളും ജോലി ഒന്നും ഇല്ലാതെ നടക്കുവാ". അങ്ങിനെ ഒക്കെ സംഭവിക്കുന്നതിനെക്കാള്‍ നല്ലതാണ് ഓണത്തിന് നാട്ടില്‍ പോവാതെ ഇന്റര്‍വ്യൂനു പോകുന്നത്

"അപ്പൊ ഓണ സദ്യ" - മറ്റെന്തൊക്കെ സഹിച്ചാലും ഇതില്‍ ഒരു വിട്ടു വീഴ്ച ഇല്ല എന്ന മട്ടില്‍ ഗൌവിനോട് ചോദിച്ചു

"അതിനു മാര്‍ഗം ഉണ്ട്. രാവിലെ ഒന്‍പതു മണിക്ക് ഇന്റര്‍വ്യൂ തുടങ്ങും. നമുക്ക് രാവിലെ ആറ് മണിക്ക് അങ്ങ് പോകാം. ആദ്യം തന്നെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാം. എങ്ങിനെ ആയാലും ഒരു  പതിനൊന്നു മണിക്ക് ഇന്റര്‍വ്യൂ കഴിയും. തിരിച്ചു വന്നു ഉച്ചക്ക് കൈരളിയില്‍ പോയി ഓണ സദ്യ കഴിക്കാം"

ഞാന്‍ ഗൌവിനെ അടി മുടി ഒന്ന് നോക്കി.  പെട്ടന്ന് എന്തെന്നില്ലാത്ത ഒരു ബഹുമാനം അവനോടു തോന്നി. ഒരു സങ്കീര്‍ണമായ സമസ്യക്ക് എത്ര വേഗത്തില്‍ ആണ് അവന്‍ പരിഹാരം കണ്ടെത്തിയത്.

"ഇത് ഐഡിയ കൊള്ളാം"- അവനെ ഞാന്‍ പിന്താങ്ങി. ഞങ്ങള്‍ രണ്ടാളും പോയി ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്തു. ഇന്റര്‍വ്യൂനു വേണ്ടി അടുത്ത ദിവസങ്ങളില്‍  തല കുത്തി ഇരുന്നു പഠിക്കാന്‍ തുടങ്ങി

ഓഗസ്റ്റ്‌ 28-നു രാവിലെ അഞ്ചു മണിക്ക് എണീറ്റു. നല്ല സുഖമുള്ള തണുപ്പുള്ള ഈ വെളുപ്പാന്‍ കാലത്ത് മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന സകലവന്മാരെയും പ്രാകി കൊണ്ട് കുളിച്ചെന്നു വരുത്തി തലേന്നേ ചുളിവുകള്‍ പോക്കി വച്ച ഷര്‍ട്ടും പാന്റും എടുത്തിട്ടു. നാട്ടില്‍ ഇപ്പോള്‍ ഓണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കും എന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി. എങ്കിലും വിപ്രോയില്‍ ജോലി കിട്ടിയെന്ന വാര്‍ത്ത‍ ഇന്ന് വൈകുന്നേരം വീട്ടുകാരെ അറിയിക്കാമല്ലോ എന്നോര്‍ത്തപ്പോള്‍ സന്തോഷം തിര തല്ലി. നാട്ടില്‍ പോയിട്ട് വേണം മാതുവേടത്തിയുടെ മുന്‍പില്‍ കൂടെ ഞെളിഞ്ഞൊന്ന് നടക്കാന്‍. ഞാന്‍ മനസ്സില്‍ വിചാരിച്ചു. 

റോഡിലേക്ക് ഇറങ്ങിയപ്പോള്‍ വഴി വക്കില്‍ കിടന്നുറങ്ങുന്ന പട്ടികള്‍ തല ഉയര്‍ത്തി ഞങ്ങളെ നോക്കി. നല്ലൊരു തണുത്ത ഒരു ഓണ ദിവസം പരിഷ്കാരി വേഷവും ധരിച്ചു ആറ് മണിക്ക് ഇങ്ങനെ നടക്കാന്‍ ഇവന്മാര്‍ക്കെന്താ പ്രാന്തായോ എന്നാണ് അവര്‍ ചിന്തിക്കുന്നത് എന്ന് എനിക്ക് തോന്നി. ആദ്യ വളവു തിരിഞ്ഞപ്പോള്‍ മുന്നില്‍ ഒരു പശു നില്‍ക്കുന്നു

"ശുഭ ലക്ഷണമാ" - ഞാന്‍ പരിഷ്കാരി ഗൌവിനോട് പറഞ്ഞു

"എന്തോന്ന്, പട്ടികളെ കണ്ടതോ"

"അല്ലെടാ, ദേ അവിടെ ഒരു പശു. ഗോ മാതാവ് ശുഭ ലക്ഷ്ണമെന്നാ പഴമക്കാര്‍ പറയുന്നേ"

"വല്ലതും നടന്നാല്‍ മതിയായിരുന്നു" - വിപ്രോ  അവസാനത്തെ ഒരു പിടിവള്ളി ആണെന്ന ഭാവത്തില്‍ ആണ് ഗൌവിന്റെ മറുപടി

"വല്ലതും കഴിക്കണ്ടേ" - രാവിലെ എഴുന്നേറ്റതിനാല്‍ ചെറിയ ഒരു വിശപ്പ്‌ വന്നു തുടങ്ങിയിട്ടുണ്ട്. പോരാത്തതിനു തണുപ്പത്തുള്ള നടത്തവും

"അവിടെ എത്തിയിട്ട് അടുത്തുള്ള കടയില്‍ നിന്ന് കഴിക്കാം" - സമ്മതം എന്ന നിലയില്‍ ഞാന്‍ തല ആട്ടി. ഏതോ ഒരു 'ഹള്ളി' എന്നതാണ് സ്ഥലപ്പേരു. ബസ്‌ നമ്പര്‍ ഒക്കെ ഇന്നലെ നോക്കി വച്ചിരുന്നു. അങ്ങിനെ ബസില്‍ കയറി ഞങ്ങള്‍ യാത്ര തുടങ്ങി. വിപ്രോയില്‍ ജോലിക്ക് പോകുന്ന നാളുകളെ കുറിച്ചുള്ള ഓര്‍മകളിലേക്ക് ഞാന്‍ വഴുതി വീണു

"ഇറങ്ങാം, സ്റ്റോപ്പ്‌ എത്തി"- എന്റെ സ്വപ്നത്തിനു ഫുള്‍ സ്റ്റോപ്പ്‌ ഇട്ടു കൊണ്ട് ഗൌ പറഞ്ഞു

ഞങ്ങള്‍ ഇറങ്ങി ഇന്റര്‍വ്യൂ സ്ഥലത്തേക്ക് നടന്നു തുടങ്ങി. സമയം ഏഴു മണി ആകുന്നതെ ഉള്ളു. ഗൌവിന്റെ പ്ലാന്‍ പ്രകാരം എല്ലാം ശുഭം ആയി നടക്കും എന്ന് കരുതി മുന്നോട്ടു നടന്ന ഞാന്‍ കണ്ടത് ഹൃദയഭേദകം ആയ കാഴ്ച ആണ്. ഇന്റര്‍വ്യൂ സ്ഥലത്ത് തൃശ്ശൂര്‍ പൂരത്തിനുള്ള അത്രയും ആളുകള്‍. എല്ലാവരും ഗേറ്റിനു വെളിയില്‍ ക്യൂ നില്‍പ്പാണ്. ഒന്‍പതു മണിക്കേ ഗേറ്റ് തുറക്കൂ. ക്യൂ ആണെങ്കില്‍ കിലോമീറ്ററുകള്‍ നീണ്ടു കിടപ്പുണ്ട്. അത് കണ്ടു വാ പൊളിച്ചു നിന്ന ഗൌവിനോട് ഞാന്‍ ചോദിച്ചു

"നമുക്ക് ചായ കുടിക്കണ്ടേ?" - ആനക്കാര്യത്തിനു ഇടയില്‍ ചേന കാര്യം എന്ന പോലെ എന്റെ അസ്ഥാനത്തുള്ള ചോദ്യം കേട്ട് ഗൌ ദേഷ്യപ്പെട്ടു എന്നെ നോക്കി. എന്തായാലും ക്യൂ നില്‍ക്കണം. അതിനു മുന്‍പേ ചായ കുടിക്കാം എന്നേ ഞാന്‍ കരുതിയുള്ളൂ

"ചായ കുടിക്കാന്‍ പോയാല്‍ അര മണിക്കൂര്‍ പോകും. അപ്പോളേക്കും ക്യൂ അങ്ങ് നീളും. നമുക്ക് വേഗം പരിപാടി തീര്‍ത്തു ഉച്ചക്ക് സദ്യ കഴിക്കാം"

കേട്ടപ്പോള്‍ കൊള്ളാം എന്ന് എനിക്കും തോന്നി. സദ്യയേക്കാള്‍ വലുതല്ലലോ ചായ. അങ്ങിനെ ഞങ്ങള്‍ ക്യൂവിന്റെ അവസാനം പോയി നിന്നു.  കാണം വിറ്റും ഓണം ഉണ്ണണം എന്ന് പറയുന്ന ഒരു ഓണ ദിവസം ഒരു ചായ പോലും കുടിക്കാതെ രാവിലെ ഏഴു മണിക്ക് ക്യൂവില്‍ നില്‍ക്കുന്നു. 'എത്ര മനോഹരമായ ആചാരങ്ങള്‍' എന്ന് പണ്ട് മോഹന്‍ലാല്‍ പറഞ്ഞതാണ് എനിക്ക് ഓര്‍മ വന്നത്. മുന്നില്‍ നില്‍ക്കുന്ന മലയാളികളെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ദേഷ്യം വന്നു. ഇവന്മാര്‍ക്കൊന്നും ഓണത്തിന് ഇവിടെ വന്നു നില്‍ക്കാതെ വേറെ വല്ല പണിക്കും പോയിക്കൂടെ എന്ന് മനസ്സില്‍ പിറുപിറുത്തു കൊണ്ട് നില്‍പ്പ് തുടര്‍ന്നു. ബംഗ്ലൂരില്‍ കെട്ടിടം പണിക്കു രാവിലെ നിര നിരയായി പോകുന്ന മഞ്ഞ തൊപ്പിക്കാരെക്കാളും കഷ്ടമാണല്ലോ നാല് കൊല്ലം കുത്തിയിരുന്ന് പഠിച്ച ഞങ്ങളുടെ അവസ്ഥ എന്ന് ഞാന്‍ ഓര്‍ത്തു

സമയം ഒന്‍പതായി. ഗേറ്റ് തുറന്നില്ല. ഒന്‍പതര ആയി. മാന്യന്മാര്‍ എന്ന് കണ്ടാല്‍ തോന്നുന്ന കുറച്ചു പേര്‍ ഗേറ്റിന്റെ അപ്പുറത്ത് വന്നു എന്തൊക്കെയോ സംസാരിക്കുന്നു. ആദ്യത്തെ അമ്പതു പേരെ അകത്തേക്ക് കയറ്റി വിടാന്‍ തീരുമാനമായി. അവര്‍ വിജയീ ഭാവത്തോടെ അകത്തോട്ടു കയറി പോയി. ഗേറ്റ് വീണ്ടും അടച്ചു. എന്റെ ഉള്ളു ഒന്ന് കാളി. ഞങ്ങള്‍ മുന്‍പില്‍ കുറഞ്ഞത്‌ ഒരു അഞ്ഞൂറ് പേരെങ്കിലും കാണും. അമ്പതു പേര്‍ക്ക് അര മണിക്കൂര്‍ വച്ച് കൂട്ടിയാല്‍ തന്നെ അകത്തേക്ക് കടക്കാന്‍ അഞ്ചു മണിക്കൂറെങ്കിലും പിടിക്കും. അപ്പോള്‍ ഒരു രണ്ടര മൂന്ന് മണി ആകും അകത്തോട്ടു കേറാന്‍. അങ്ങിനെ എങ്കില്‍ ഇന്റര്‍വ്യൂ കഴിഞ്ഞിറങ്ങാന്‍ മൂന്നര നാല് ആകും

"നമ്മുടെ ഓണ സദ്യ അപ്പോള്‍ ഗോവിന്ദാ അല്ലെ?" - ആധിയോടെ ഞാന്‍ ഗൌവിനോട് ചോദിച്ചു

"അങ്ങിനെ ആണെന്നാ തോന്നുന്നേ" - എന്നേ പോലെ അവനും സമയം കണക്കു കൂട്ടി കാണും

പിന്നെ അവിടെ നടന്നതൊക്കെ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതെ ഉള്ളൂ. ഓണ സദ്യ ഉരുള ഒരുട്ടി കഴിക്കേണ്ട സമയം ആയപ്പോളും ഞങ്ങള്‍ ക്യൂവില്‍ തന്നെ. സമയം വീണ്ടും കടന്നു പോയി. രണ്ടര കഴിഞ്ഞപ്പോളേക്കും മാന്യനെന്നു തോന്നിക്കുന്ന രണ്ടു പേര്‍ ഗേറ്റില്‍ പ്രത്യക്ഷപ്പെടുകയും ഇന്നത്തെ കലാപരിപാടി അവര്‍ അവസാനിപ്പിക്കുന്നു എന്നും ബാക്കിയുള്ള അലവലാതി എഞ്ചിനീയര്‍മാര്‍ പത്രിക സെക്യൂരിറ്റിയെ ഏല്പിച്ചാല്‍ മതിയെന്നും മൊഴിഞ്ഞു. രാവിലെ ഏഴു മണി തൊട്ടു ഇത്രയും നേരം ക്യൂവില്‍ നിന്ന എല്ലാവരുടെയും മുഖത്ത് ഒരേ ദയനീയ ഭാവം. രോഷ പ്രകടനത്തിന് നിന്നു വിശപ്പ്‌ വീണ്ടും കൂട്ടണ്ട എന്ന് കരുതി പത്രിക സെക്യൂരിറ്റിയെ ഏല്‍പ്പിച്ചു ഞങ്ങള്‍ രണ്ടാളും കിട്ടിയ ബസിനു അവിടുന്ന് സ്ഥലം കാലിയാക്കി. ഇനി ആകെ ഉള്ള പ്രതീക്ഷ കൈരളി ഹോട്ടലിലെ ഓണ സദ്യയില്‍  ആണ്. സദ്യ തീര്‍ന്നു കാണില്ല എന്ന് മനസ്സിനെയും വയറിനെയും പറഞ്ഞു ആശ്വസിപ്പിച്ചു കൈരളി ഹോട്ടല്‍-നു അടുത്തുള്ള ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങി നടന്നു.

"ചേട്ടാ വല്ലതും കഴിക്കാന്‍ ഉണ്ടോ" - എന്തൊരു വിനയത്തോടെ ആണ് ഗൌ ആ ചോദ്യം ചോദിച്ചത്. അവന്റെ വായില്‍ നിന്നു ഇത്ര വിനയം ഒരിക്കലും വരാത്തതാണ്. ഹോട്ടല്‍ മുതലാളി അങ്ങേരുടെ ചോറ് എടുത്തു കൊണ്ട് വന്ന്, മക്കളെ നിങ്ങള്‍ കഴിച്ചോ എന്ന് പറയും എന്നെനിക്കു തോന്നി

"എല്ലാം കഴിഞ്ഞല്ലോ, ഇന്നിവിടെ സദ്യ മാത്രമേ വച്ചുള്ളൂ. ഓണമായതിനാല്‍  പതിവില്ലാത്ത തിരക്കായിരുന്നു" - ഓണ സദ്യ മുഴുവന്‍ തീര്‍ന്നതിന്റെ സന്തോഷം ഹോട്ടല്‍ മുതലാളിയുടെ മുഖത്ത് പ്രകടമായിരുന്നു. വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ കെപിഎസി ലളിത ഇന്നസെന്റിനോട് പറഞ്ഞ വാചകമാണ് അപ്പോള്‍ ഓര്‍മ വന്നത്. "ചിക്കന്‍ കറി കിട്ടിയത് കൊണ്ട് ചോറ് മുഴുവന്‍ തീര്‍ന്നല്ലോ"

അവസാനം ഭട്ടരുടെ ബേക്കറിയിലെ ബന്നും ഹാഫ് ചായയും ലക്‌ഷ്യം വച്ച് ഞങ്ങള്‍ നടന്നു. ഒരു ഓണ ദിവസം പട്ടിണി കിടന്നു എന്നതിനെക്കാളും ഉപരി എന്നേ അപ്പോള്‍ അലട്ടിയത് വേറെ ചില ചിന്തകള്‍ ആയിരുന്നു

1 . രാവിലെ കണി കണ്ടത് പശുവിനെ തന്നെ അല്ലെ. ഇനി അങ്ങിനെ ആണെങ്കില്‍ കാരണവന്മാര്‍ക്ക് തെറ്റിയതാണോ?. ഹേയ് അങ്ങിനെ ആവാന്‍ വഴിയില്ല. ഇത് ഐടി കമ്പനികള്‍ വരുന്നതിനു മുന്‍പുള്ള പഴഞ്ചൊല്ല് അല്ലെ. അത് കൊണ്ടായിരിക്കും ഫലിക്കാത്തത്

2 . ഇനി നാട്ടില്‍ പോയാല്‍ മാതുവേടത്തിയെ എങ്ങിനെ അഭിമുഖീകരിക്കും

3 . വിപ്രോയിലെ സെക്യൂരിറ്റി ഞങ്ങളുടെ എല്ലാരുടെയും പത്രിക മുഴുവന്‍ തൂക്കി വില്‍ക്കുമോ, അതോ രാവിലെ വെള്ളം ചൂടാക്കാന്‍ ഉപയോഗിക്കുമോ.

Sunday 17 July 2011

ആരാണ് ഞാന്‍

ഞാന്‍ കോയിക്കോട് ജില്ലേലെ ബടേര എന്ന സിറ്റിയില്‍ ജനിച്ചു വളര്‍ന്നവന്‍...ബടെരയിലെ എല്ലാ പ്രശസ്ത മലയാളം മീഡിയം ഉസ്കൂളിലും പത്താം തരം വരെ പഠനം..വീട്ടിലെ ടിവിയും റേഡിയോ-യും ടേപ്പ് റെക്കോര്‍ഡ്‌-റും അഴിച്ചു പണിതു കേടാക്കാന്‍ മിടുക്കനായ എനിക്ക് electronics എന്ന വിഷയത്തില്‍ അതീവ താല്പര്യം ഉണ്ടെന്നു വീട്ടുകാര്‍ മനസ്സിലാക്കി...ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് engineering-നു അഡ്മിഷന്‍ കിട്ടിയ ഞാന്‍ electronics engineering തന്നെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു...അങ്ങിനെ ഉന്നത പഠനത്തിനായി ബടേര വിട്ടു പുറം രാജ്യത്തേക്ക് പോകേണ്ടി വന്നു....പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലിക്കായി പലയിടത്തും തെണ്ടി നടക്കുകയും ജോലി കിട്ടിയപ്പോള്‍ പലയിടത്തും തെണ്ടി നടന്നു ജോലി ചെയ്യുകയും ചെയ്തു


ഈയിടക്ക് വിരസമായ പകലുകള്‍ തള്ളി നീക്കുന്നതിനിടയിലാണ് എന്നെ കുറിച്ച് ഗൌരവമായി ചിന്തിക്കാന്‍ ഇടയായത്...ആദ്യമായി ഉയര്‍ന്നു വന്ന ചോദ്യം എന്താണ് എന്റെ അവതാര ലക്‌ഷ്യം എന്നതാണ്....ഇതിനെ കുറിച്ച് വിശദമായി ചിക്കി ചികഞ്ഞപ്പോളാണ് മൂന്നു പേരുകള്‍ എന്റെ മുന്നിലേക്ക്‌ വന്നത്... പ്രിത്വിരാജ്, ശ്രീശാന്ത്, സന്തോഷ്‌ പണ്ഡിറ്റ്‌.....പ്രിത്വിരാജിന് സൂപ്പര്‍സ്റ്റാര്‍സ് അഭിനയം നിര്‍ത്തണം എന്ന് പറയാമെങ്കില്‍, ശ്രീശാന്ത്‌-നു സച്ചിന്റെ വിക്കറ്റ് എടുത്തതിനു ശേഷം കോപ്രായങ്ങള്‍ കാണിക്കാം എങ്കില്‍, സന്തോഷ്‌ പണ്ടിട്ടിനു ഒരു സൂപ്പര്‍ ഹിറ്റ്‌ സിനിമ ഉണ്ടാക്കാമെങ്കില്‍, എന്ത് കൊണ്ട് എനിക്കും വല്ലതും ചെയ്തു കൂടാ...എന്താണ് ഇവരുടെ വിജയ രഹസ്യം എന്ന് കണ്ടെത്തുക ആയിരുന്ന എന്റെ അടുത്ത നീക്കം....പ്രാവീണ്യം ഇല്ലാത്ത മേഖലയിലേക്ക് എടുത്തു ചാടിയതിനു ശേഷം താനാണ് ഇവിടുത്തെ സര്‍വപുങ്കവന്‍ എന്ന് പ്രക്യാപിക്കുക ആണ് വേണ്ടതെന്നു എനിക്ക് മനസില്ലായി... അങ്ങിനെ ഞാനും ഒരു കൈ നോക്കാന്‍ തീരുമാനിച്ചു 

ഒട്ടും പ്രാവീണ്യം ഇല്ലാത്ത ഒരു മേഖല തിരഞ്ഞെടുക്കുക എന്നതായിരുന്നു അടുത്ത വിഷമം ഏറിയ ഒരു ജോലി....പല പ്രശസ്തരുടെയും ബ്ലോഗ്‌ വായിച്ചു പരിചയം  ഉള്ള ഞാന്‍ ആ മേഖലയില്‍ തന്നെ ഹരിശ്രീ കുറിക്കാന്‍ തീരുമാനിച്ചു... ജീവിതത്തില്‍ ഇത് വരെ ഒരു പച്ചക്കറി ലിസ്റ്റ് പോലും എഴുതി ഉണ്ടാക്കിയിട്ടില്ല എന്നത് എനിക്ക് ഈ മേഖലയിലേക്ക് കാലു കുത്താനുള്ള ഏറ്റവും വലിയ അംഗീകാരം ആയി ഞാന്‍ എടുത്തു... ഇനി ഭാവിയില്‍ ഒരു പത്ര സമ്മേളനം വിളിച്ചു കൂട്ടി പ്രഭാകര്‍ അന്തിക്കോടും എംടി-യും ഒക്കെ പണി നിര്‍ത്തി വീട്ടില്‍ ഇരിക്കണം എന്ന് ഞാന്‍ പറയുവാണേല്‍ നിങ്ങള്‍ ആരും അന്തം വിടരുത്... ഇത് ഒരു മലയാളി എന്ന നിലയിലുള്ള എന്റെ അവതാര ലക്‌ഷ്യം പൂര്‍ത്തീകരിക്കല്‍ മാത്രം ആണ്

ഡീസന്റ് ഫൈവ്സിന്റെ വിവാദ ഗോവന്‍ യാത്ര


എഞ്ചിനീയറിംഗ് കോളേജില്‍ എനിക്ക് അഡ്മിഷന്‍ കിട്ടിയപ്പോള്‍ മനസ്സില്‍ സമ്മിശ്ര വികാരം ആണ് തോന്നിയത്. ഒരു അടി പൊളി പ്രൊഫെഷണല്‍ കോളേജില്‍ ചേരാന്‍ പോകുന്നതിന്റെ സന്തോഷം. ജീവിതത്തില്‍ ഇത് വരെ ഒരു പ്രൊഫെഷണല്‍ കോളേജിന്റെ പടി പോലും കണ്ടിട്ടില്ലെങ്കിലും എന്റെ മനസ്സില്‍ കോളേജിന്റെ ഒരു വ്യക്തമായ ധാരണ ഉണ്ടായിരുന്നു (കുറെ അടിപൊളി മലയാളം ക്യാമ്പസ്‌ സിനിമകള്‍ കണ്ടത് വെറുതെയായില്ല). ചുരുക്കി പറയുവാണേല്‍ 'നമ്മള്‍' സിനിമയില്‍ ജിഷ്ണുവും സിദ്ധാര്‍ത്ഥനും ക്യാമ്പസ്സില്‍ ചെത്തി നടക്കുന്നത് പോലുള്ള അടിപൊളി ദിനങ്ങള്‍ ഞാന്‍ സ്വപ്നം കണ്ടു തുടങ്ങി. പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും മെട്രോ സിറ്റി ആയ ബടേരയും അവിടത്തെ ഹൈടെക് കൂട്ടുകാരെയും വിട്ടു പിരിയണമല്ലോ എന്നോര്‍ത്തപ്പോള്‍ ഇച്ചിരി സങ്കടവും തോന്നി

ഇന്നാണ് അഡ്മിഷന്‍ ദിവസം. പത്തു മണിക്ക് കോളേജില്‍ എത്തണം. നേരം പുലരുന്നതിനു മുന്‍പേ കുളിച്ചു റെഡി ആയി. വെളിച്ചെണ്ണ തേച്ചു മിനുക്കിയെടുത്ത തലമുടി ചീകിയൊതുക്കി ഒരു ചന്ദനക്കുറിയും പിടിപ്പിച്ചു വീട്ടില്‍ നിന്നിറങ്ങി. യാത്രയിലുടനീളം വര്‍ണാഭമായ ക്യാമ്പസ്സിന്റെ സ്ലൈഡ് ഷോവ്സ് എന്റെ മനസ്സില്‍ ഓടിക്കൊണ്ടിരുന്നു. എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും പാറി പറന്നു നടക്കുന്ന കിളിക്കൂട്ടങ്ങള്‍, തിരക്കേറിയ വിശാലമായ ക്യാമ്പസ്, ബൈക്കില്‍ ഓളം വെച്ച് ചീറിപ്പായുന്ന സ്റ്റൈലന്‍ പയ്യന്മാര്‍..

ചീമേനിയില്‍ ബസ്സിറങ്ങി ചുറ്റും കണ്ണോടിച്ചപ്പോള്‍ കണ്ടത് ഒരു തനി നാട്ടിന്‍പുറത്തിന്റെ കാഴ്ചകളായിരുന്നു. എക്സ്പയറി ഡേറ്റ് കഴിഞ്ഞ കുറച്ചു പീടികകള്‍, കുറെ സാദാരണക്കാരായ നാട്ടുകാര്‍. ഈ പരിഷ്ക്കാരി ഇതെവിടുന്നു വന്നെടാ എന്ന രീതിയില്‍ ചിലര്‍ എന്നെ നോക്കി. ചീമേനി ടൌണില്‍ നിന്ന് കോളേജില്‍-ലേക്ക് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ കാണും.  അധികം വൈകാതെ ഒരു ഓട്ടോ പിടിച്ചു കോളേജില്‍-ലേക്ക് വച്ച് പിടിച്ചു. കോളേജ് ഗേറ്റിന്റെ മുന്‍പില്‍ ഓട്ടോ നിര്‍ത്തി അകത്തേക്ക് നടന്നു തുടങ്ങി. അവിടെ കണ്ട കാഴ്ചകള്‍ എന്നെ ശരിക്കും കരയിപ്പിച്ചു. പരന്നു കിടക്കുന്ന വിശാലമായ തരിശു ഭൂമി, ഉണങ്ങി വരണ്ടു കാടു പിടിച്ചു കിടക്കുന്ന കുറെ ചെടികള്‍, പൊട്ടി പൊളിഞ്ഞു നിറം മങ്ങിയ രണ്ടു കൊച്ചു കെട്ടിടങ്ങള്‍. അതിലൊന്ന് ഒരു കൊച്ചു വീടിനു തുല്യമായ ഒന്നാണ്. അതാണ് ഓഫീസ് കെട്ടിടമാക്കിയിരിക്കുന്നത്. മറ്റൊന്ന് ഒരു സിമെന്റ് ഗോഡൌണ്‍-നു തുല്യമായ പേടിപ്പെടുത്തുന്ന ഒരു കെട്ടിടമാണ്. അതാണത്രേ ക്ലാസ്സ്‌ റൂം. ബൈക്ക് പോയിട്ട് ഒരു സൈക്കിള്‍ പോലും അവിടെങ്ങും ഇല്ല. കിളികള്‍ക്ക് പകരം ഒന്ന് രണ്ടു കാക്കകള്‍ മുകളിലൂടെ പറക്കുന്നുണ്ടായിരുന്നു 

എന്നെ പോലെ ഹതഭാഗ്യരായ ഒരു പറ്റം കുട്ടികളെ അവിടെ ഞാന്‍ കണ്ടു. എല്ലാവരുടെയും മുഖത്ത് ഒരു സങ്കട ഭാവം. കൂട്ടത്തില്‍ ചില NRI-കളും ഉണ്ട്. അവരുടെ വാടിയ മുഖം കണ്ടപ്പോള്‍ ഉള്ളില്‍ അറിയാതെ ചിരി വന്നു. കേരളത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ ചേരാതെ ഗള്‍ഫില്‍ പഠിച്ച ജാടതെണ്ടികള്‍ക്ക് അങ്ങനെ തന്നെ വേണം എന്ന് അവരെ നോക്കി മനസ്സില്‍ ഉരുവിട്ടു. രക്ഷിതാക്കളെല്ലാം ഫോം പൂരിപ്പിക്കുന്നതിന്റെയും ഫീസ്‌ അടക്കുന്നതിന്റെയും തിരക്കിലാണ്

******************************************************************************
"ഹായ്, ഞാന്‍ ഗൌതം"- എന്റെ കൈയ് പിടിച്ചു കുലുക്കികൊണ്ട്‌ ഗൌ സ്വയം പരിചയപ്പെടുത്തി. കോളേജിലെ എന്റെ ആദ്യത്തെ കൂടുകാരന്. ഇവനെ കുറിച്ച് പറയാനാണെങ്കില്‍ ഒരുപാടുണ്ട്. അതൊക്കെ വഴിയെ പറയാം. ഒറ്റ ശ്വാസത്തില്‍ പറയുവാണേല്‍ പ്രായപൂര്‍ത്തിയായ ഏതു പെണ്‍പിള്ളേരുടെയും തന്തമാര്‍ ഇവനെ ഒരു നോക്ക് കാണുവാണേല്‍ രണ്ടാമതൊരു നോട്ടം കൂടെ നോക്കി മനസ്സില്‍ ഇങ്ങനെ മുറുമുറുക്കും 
-'ഇവനൊന്നും പെണ്‍പിള്ളേരെ ഇത് വരെ കണ്ടിട്ടില്ലേ'

കോളേജിന്റെ തൊട്ടടുത്ത്‌ തന്നെ ഞങ്ങള്‍ ഒരു  കൊച്ചു വാടക വീട് സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഉച്ചയോടെ അഡ്മിഷന്‍ പരിപാടികള്‍ എല്ലാം 
കഴിഞ്ഞു. ടൌണില്‍ (ഇനിയങ്ങോട്ട് ടൌണ്‍ എന്ന് പറയുന്നത് ചീമേനി സിറ്റി ആണ്) പോയി ഒരു കൊച്ചു ഹോട്ടലില്‍ നിന്ന് ഭക്ഷണവും കഴിച്ചു അത്യാവശ്യം വീട്ടു സാധനങ്ങളും വാങ്ങി ഞാനും ഗൌവും  വാടകവീട്ടിലേക്കു തിരിച്ചു. ജീവിതത്തില്‍ ആദ്യമായി ബടേര വിട്ടു വാടക വീട്ടില്‍ താമസിക്കാന്‍ പോകുന്നു, ഒരു തട്ടുപൊളിപ്പന്‍ കോളേജില്‍ ഇനിയുള്ള നാല് വര്ഷം കഴിച്ചു കൂട്ടണം, ഇതൊക്കെ ആലോചിച്ചപ്പോള്‍ ഉള്ളില്‍ സങ്കടം തിരതല്ലി


'ഉത്രാടം'. അതായിരുന്നു ഞങ്ങളുടെ വീട്ടിന്റെ പേര്. 2 bhk ഹൌസ് എന്നൊക്കെ ഒരു അഹങ്കാരത്തിന് പറയാം. സാമാന്യം തരക്കേടില്ലാത്ത ഒരു കൊച്ചു കിടപ്പ് മുറി, അതിനെക്കാള്‍ കുറച്ചു കൂടെ ചെറിയ മറ്റൊരു കിടപ്പ് മുറി, ഹാള്‍, അടുക്കള, കുളിമുറി.  വീടിന്റെ മുന്‍വശത്ത് അമ്പലക്കാവ് ആണ്. കുരങ്ങന്‍മാരുടെ സജീവ സാന്നിദ്യം അവിടെ ഉണ്ടായിരുന്നു. ഇടതു വശത്താണ് സുപ്രിയേച്ചിയുടെ വീട്. വന്ന ദിവസം തന്നെ അവിടെ പോയി എല്ലാരേയും ഒന്ന് പരിചയപ്പെട്ടു. ധൃതി പിടിച്ചു അയല്‍വാസികളെ പരിചയപ്പെട്ടതിനു പിന്നില്‍ മറ്റൊരു ഉദ്ദേശവും കൂടിയുണ്ട്. ഇന്നത്തെ പോലെ ഞങ്ങളുടെ രണ്ടു പേരുടെയും പക്കല്‍ മൊബൈല്‍ ഫോണ്‍ ഒന്നും ഇല്ല. വീട്ടിലാണെങ്കില്‍ ലാന്‍ഡ്‌ ഫോണും ഇല്ല. അത്യാവശ്യത്തിനു വീട്ടുകാര്‍ക്ക് മക്കളെ ഒന്ന് വിളിക്കണമെങ്കില്‍ സുപ്രിയേച്ചിയുടെ വീട്ടിലെ ലാന്‍ഡ്‌ ഫോണ്‍ തന്നെ ശരണം.


പിറ്റേ ദിവസം രാവിലെ കോളേജില്‍-ലേക്ക് പുറപ്പെട്ടിറങ്ങി. രാവിലത്തെ ശാപ്പാട് അമ്പാടിയേട്ടന്റെ ഹോട്ടലില്‍ നിന്ന് കഴിച്ചു. ചീമേനിയിലെ ഒരു പ്രമുഖ ഹോട്ടെലാണ് അത്. ഹോട്ടലിന്റെ തൊട്ടുമുന്‍പില്‍ സമീപത്തെ ധനലക്ഷ്മി തിയേറ്ററിലെ സിനിമ പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ട്. കോളേജിലെ ആദ്യ ദിനം എല്ലാവരെയും പരിചയപ്പെടുന്നതിന്റെ തിരക്കായിരുന്നു. എന്തായാലും ഈ കാട്ടുമുക്കില്‍ എത്തിപ്പെട്ടു, ഇനി വരൂന്നേടത് വച്ച് കാണാം എന്ന മനോഭാവമായിരുന്നു ഇന്ന് എല്ലാരുടെയും മുഖത്ത്. രണ്ടു പേര് ചേര്‍ന്നു വീട് വാടക കൊടുക്കുന്നത് പോക്കറ്റ്‌ മണിയെ കാര്യമായി ബാധിക്കുമെന്ന്തിനാല്‍ മൂന്നു പേരെ കൂടെ കൂട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങിനെയാണ് ജസ്സീക്ക, ആഷി, രഗീഷ് എന്നവരെ പരിചയപ്പെടുന്നതും വീട്ടിലേക്കു ക്ഷണിക്കുന്നതും. അങ്ങനെ ഒരാഴ്ചക്കുള്ളില്‍ ഉത്രാടത്തില്‍ അന്തേവാസികളുടെ എണ്ണം അഞ്ചായി

****************************************************************************
"അല്ല നമ്മുടെ ഗ്രൂപ്പിന് ഒരു പേര് വേണ്ടേ" - പുകച്ചുരുളുകള്‍ക്കിടയില്‍ ജസ്സീക്കയുടെ മുഖം വ്യക്തമല്ലെങ്കിലും അവന്റെ ശബ്ദം ഞങ്ങളുടെ കാതുകളില്‍ വ്യക്തമായി പതിച്ചു. അത്താഴത്തിനു ശേഷം എല്ലാരും ഉമ്മറത്ത്‌ കസേരയിട്ട് ഒരു സഭ കൂടിച്ച ഉണ്ട്. ഈ സമയം ഞങ്ങള്‍ കോളേജില്‍ പഠിപ്പിച്ച ഇലക്ട്രോണിക്സ് ബേസിക്സും C programming-ഉം ഒക്കെ ചര്‍ച്ച ചെയ്യും എന്ന് നിങ്ങള്‍ വിചാരിച്ചാല്‍ തെറ്റി. കോളേജിലെ കൊച്ചു കൊച്ചു മസാല വാര്‍ത്തകള്‍ മുതല്‍ ലോകകാര്യങ്ങള്‍ വരെ ഞങ്ങള്‍ ചര്‍ച്ചക്കെടുക്കാറുണ്ട് 

"അത് ശെരിയാണല്ലോ"- ആഷി അതേറ്റു പിടിച്ചു

"എല്ലാരും കേട്ടാല്‍ ഒന്ന് ഞെട്ടുന്ന പേരായിരിക്കണം" - രഗീഷ് തന്റെ അഭിപ്രായം രേഖപ്പെടുത്തി

"എന്നാല്‍ പിന്നെ അഞ്ചു  *ണ്ടന്മാര് എന്നിട്ടാലോ ‍(സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരം അക്ഷരം മാറ്റിയിരിക്കുന്നു)"- ഇങ്ങനെയൊരു കമന്റ്‌ 
പറയാന്‍ ഉത്തമനായ ഗൌവിന്റെതാണു തിരുമൊഴി. സംഗതി എല്ലാവരിലും പൊട്ടിച്ചിരി ഉളവാക്കിയെങ്കിലും അവന്‍ പറഞ്ഞതിലും കാര്യമില്ലാതില്ല. ആഷി ഒഴികെ ബാക്കി നാല് പേരും കൊയിക്കോടിന്റെ സന്തതികളാണ്‌. പോരാത്തതിനു പേരില്‍ ഒരു പ്രാസ ചേര്‍ച്ച ഒക്കെ ഉണ്ട്

"എല്ലാരുടെയും ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് JARGS എന്നിട്ടാലോ" - ഞാനും വിട്ടു കൊടുത്തില്ല

അങ്ങനെ ആ ചര്‍ച്ച നീണ്ടു പോയി. എല്ലാവരും പല നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചെങ്കിലും എല്ലാം തള്ളിപ്പോയി.

"ഡീസന്റ് ഫൈവ്സ് (decent fives) എന്നുള്ള പേരെങ്ങനെയുണ്ട്‌" - കൂട്ടത്തില്‍ അത്യാവശ്യം ഇംഗ്ലീഷ് പരിജ്ഞാനം ഉള്ള ജസീക്ക പറഞ്ഞു

"അത് കൊള്ളാമല്ലോ ജസീക്ക" - രഗീഷിനു ആ പേര് നന്നേ ബോധിച്ചു

"ചുരുക്കി ഡി-ഫൈവ്സ് എന്നും വിളിക്കാം" - ആഷി മൊഴിഞ്ഞു

ഞാന്‍ ഗൌവിനെ നോക്കി. താന്‍ നിര്‍ദേശിച്ച പേര് സ്വീകരിക്കാത്തത്തിലെ ഒരു മുഷിപ്പ് ആ മുഖത്തുണ്ട്‌.

"പേര് പറയാന്‍ ഒരു ഗുമ്മൊക്കെ ഉണ്ട്. പക്ഷെ നമ്മുടെ സ്വഭാവത്തിന് ഇത് ചേരുമോ" - ഞാന്‍ ന്യായമായ ഒരു സംശയം മുന്നോട്ടു വച്ചു

"ഈ പേര് കേട്ട് തെറ്റിദ്ധരിച്ചു പെണ്‍പിള്ളേര് ചുമ്മാ വന്നു  ലോഹ്യം പറഞ്ഞാല്‍ നിനക്ക് പുളിക്കുമോ" - ചോദ്യം രഗീഷിന്റെതായിരുന്നു

കൂടുതല്‍  അടി പിടി കൂടാതെ ഞങ്ങള്‍ ആ പേര് സ്വീകരിക്കാന്‍ തീരുമാനിച്ചു. ഒരു ശുഭ സൂചന പോലെ അപ്പോളേക്കും അന്തരീക്ഷം പുകമറ മാറി തെളിഞ്ഞിരുന്നു. അത്യാവശ്യം ചിത്രപ്പണി അറിയാവുന്ന ആഷി പിറ്റേന്ന് രാവിലെ ആകുംപോളെക്കും ഒരു ലോഗോ റെഡി ആക്കിയിരുന്നു.  ഒട്ടും അമാന്തിക്കാതെ അഞ്ചു പേരും ചീമേനിക്ക് തിരിച്ചു. 'ഡി-ഫൈവ്സി'ന്റെ ഒരു ബാനെര്‍ ഉണ്ടാക്കാനാണ് ആ പോക്ക്. ഉച്ചയാകുമ്പോളെക്കും സംഗതി റെഡി. 'ഡി -ഫൈവ്സ്--ഫ്രണ്ട്സ് ഫോര്‍ എവര്‍' എന്നൊക്കെ വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിയിട്ടുണ്ട്. അഞ്ചു പേരുടെയും പേര് ഭംഗിയായി എഴുതിയിട്ടുണ്ട്. ഇനി പെണ്‍പിള്ളേര്‍ക്ക് വല്ല പ്രേമാഭ്യര്‍ത്ഥനയും നടത്തണമെങ്കില്‍ പേരറിയാതെ കഷ്ടപ്പെടരുതല്ലോ. അങ്ങനെ അന്ന് വൈകീട്ട് കോളേജില്‍ ഡി-ഫൈവ്സിന്റെ ആദ്യ ബാനെര്‍ ഉയര്‍ന്നു.


പിറ്റേന്ന് രാവിലെ കോളേജില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച എന്താണെന്നു വച്ചാല്‍ കുട്ടികള്‍ കൂട്ടം കൂട്ടമായി ഞങ്ങളുടെ ബാനെറിനു മുന്‍പില്‍ നിന്ന് പിറുപിറുക്കുന്നതാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ സംഭവം കോളേജില്‍ പാട്ടായി. ഡീസന്റായ അഞ്ചു പേരില്‍ നിന്നും കണ്ടാല്‍ മാന്യന്‍ എന്ന് തോന്നുന്ന ഒരാളെ എങ്ങിനെ വളച്ചെടുക്കാം എന്ന് പെണ്‍പിള്ളേരും, ഈ തറവേല കാണിച്ചു ഷൈന്‍ ചെയ്ത ഇവന്മാര്‍ക്ക് എങ്ങിനെ ഒരു പണി തിരിച്ചു കൊടുക്കാം എന്ന് ആണ്‍പിള്ളേരും ചിന്തിക്കാന്‍ തുടങ്ങി. തൊട്ടടുത്ത ദിവസങ്ങളില്‍ പുതിയ ഗ്രൂപ്പുകള്‍ പൊട്ടി മുളച്ചു തുടങ്ങി

*****************************************************************************
ഇല്ലാത്ത കാശ് മുടക്കി ബാനെര്‍ ഉണ്ടാക്കിയിട്ട് ഇന്നേക്ക് അഞ്ചു നാളുകള്‍ പിന്നിട്ടു. ഇത് വരെ ഒരു പെണ്‍കുട്ടി പോലും തിരിഞ്ഞു നോക്കിയിട്ടില്ല.  ആ വഴിക്ക് ഒരു പുതിയ ജീവിതം ഒത്തു വരും എന്ന് സ്വപ്നം കണ്ടതൊക്കെ വേരുതെയായെന്നു എനിക്ക് തോന്നി

"നീയല്ലേ പറഞ്ഞത് പെണ്‍പിള്ളേര് ചാടിക്കേറി സൊള്ളാന്‍ വരുമെന്ന്"- അമ്പാടി ഹോട്ടലില്‍ പഴം പൊരി കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ രഗീഷിനോട് അമര്‍ഷത്തോടെ ചോദിച്ചു

"അതിനു പേരില്‍ മാത്രം പോര, പെരുമാറ്റത്തിലും അല്പം ഡീസന്സി വേണം"- രഗീഷ് തിരിച്ചടിച്ചു

"നിങ്ങള്‍ക്ക് ഇത് തന്നെ വേണം പിള്ളേരെ. ഞാന്‍ പറഞ്ഞ പേരിനോട് നിങ്ങള്‍ക്കൊക്കെ പുച്ച്ചമായിരുന്നില്ലേ?" - കിട്ടിയ അവസരത്തില്‍ ഗൌ 
ഏല്ലാവര്‍ക്കും ഇട്ടൊന്നു താങ്ങി


ഇവന്മാരുടെ കൂടെ നടന്നാല്‍ നല്ല ഒരു ഇമേജ് പെണ്‍പിള്ളേരുടെ ഇടയില്‍ കിട്ടാന്‍ പ്രയാസം ആണെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷെ ഇവന്മാരുടെ കമ്പനി വിട്ടു പോകാനും വയ്യ. ദിവസങ്ങള്‍ അങ്ങിനെ കടന്നു പോയി. അങ്ങിനെയിരിക്കെ ആണ് ഇന്‍റെര്‍ണെല്‍ പരീക്ഷ പ്രഖ്യാപിച്ചത്. പരീക്ഷക്ക്‌ പഠിച്ചു നല്ല മാര്‍ക്കു വാങ്ങിയാല്‍ ഷൈന്‍ ചെയ്യാനുള്ള ഒരു വകയുണ്ടെന്നു ഞാന്‍ മനസിലാക്കി. ബാനെര്‍ ഉണ്ടാക്കിയത് പോലെ കാശ് മുടക്കില്ലാത്ത പരിപാടി ആയതു കൊണ്ട് ഒരു കൈ നോക്കാന്‍ തീരുമാനിച്ചു. 

******************************************************************************
"നമ്മക്ക് ഒരു കോളേജ് ടൂര്‍ പ്ലാന്‍ ചെയ്താലോ" - പതിവ് പോലെ രാത്രി ഉത്രാടത്തിന്റെ ഉമ്മറത്തിരിക്കുമ്പോളാണ് ജസീക്ക ഈ വിഷയം എടുത്തിട്ടത്. അല്ലെങ്കിലും നിലാവത്ത് കാറ്റ് കൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ചില ഭ്രാന്തന്‍ ഐഡിയാസ് ഇവന് തോന്നും

"അതിനു ഇതൊക്കെ വലിയ മെനക്കേടുള്ള കാര്യമല്ലേ?" - ആഷി ചോദിച്ചു

"എന്തോന്ന് വിഷമം. നിങ്ങളൊക്കെ ഒന്ന് കൂടെ നിന്നാല്‍ മതി. നമ്മുക്ക് നടത്താന്നെ"- ജസ്സീക്ക ആത്മവിശ്വാസത്തോടെ പറഞ്ഞു 

"ശെരിയാ, ഈ കാട്ടുമുക്കില്‍ നിന്ന് മാറി ഒരു പുതിയ സ്ഥലത്തേക്ക് രണ്ടു ദിവസം പോയാല്‍ ചിലപ്പോള്‍ നമ്മളെ രണ്ടു പേര്‍ മൈന്‍ഡ് ചെയ്യാന്‍ ചാന്‍സ് ഉണ്ട്"- രഗീഷ് 

"അല്ല ജസീക്ക നിങ്ങളെ കൊണ്ട് ഇത് വല്ലതും നടത്താന്‍ പറ്റുമോ" -ഗൌ


"രണ്ടാഴ്ചക്കകം പരീക്ഷ തുടങ്ങും. ഞാനില്ല ഈ കോപ്പ് പരിപാടിക്ക്"- എന്ന് പറയണമെന്ന് ഉണ്ടായിരുന്നു എനിക്ക്. പരീക്ഷ പേപ്പര്‍ കിട്ടുമ്പോള്‍ ടോപ്‌ സ്കോറര്‍ ആയി ശ്രദ്ധ പിടിച്ചു പറ്റാം എന്ന് സ്വപ്നം കണ്ടു നടന്ന എനിക്ക് ഇതൊരു തിരിച്ചടിയാവുമല്ലോ എന്ന് മനസിലോര്‍ത്തു. എന്നാല്‍ ബാക്കി നാല് പേരും സമ്മതിച്ച സ്ഥിതിക്ക് ഞാന്‍ ഉടക്കാന്‍ പാടില്ലാലോ

"ആട്ടെ, ജസീക്കയുടെ മനസ്സില്‍ വല്ല പ്ലാനും ഉണ്ടോ?"- ഞാന്‍ ചോദിച്ചു

"ആദ്യം ക്ലാസ്സില്‍ ഈ വിഷയം അവതരിപ്പിക്കുന്നു. എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ നമ്മള്‍ പ്രിന്സിയോടു പറയുന്നു. കുട്ടികളുടെ ഒരു ആവശ്യമായതിനാല്‍ അങ്ങേര് എതിര്‍പ്പൊന്നും പറയില്ല"- ജസീക്ക വിശദീകരിച്ചു 

അങ്ങിനെ പിറ്റേ ദിവസം വിഷയം ക്ലാസ്സില്‍ അവതരിപ്പിച്ചു. സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്.  തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടൂര്‍ പ്ലാനിംഗ് മീറ്റിംഗ് കാന്റീനില്‍ തകൃതിയായി നടന്നു. ക്ലാസ്സ്‌ കട്ട്‌ ചെയുന്ന പരിപാടി ആയതിനാല്‍ മീറ്റിംഗില്‍ ഞങ്ങള്‍ സജീവമായി പങ്കെടുത്തു. വിഷയം മാഷുംമാരുടെയും പ്രിന്സിയുടെയും ശ്രദ്ധയില്‍ പെടുത്തി. അവര്‍ ആദ്യം എതിര്‍പ്പൊന്നും പറഞ്ഞില്ല. മറ്റു തടസങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ നോക്കാം എന്ന് മറുപടി പറഞ്ഞു. ഉത്രാടതിലെ ഞങ്ങളുടെ രാത്രികള്‍ ടൂര്‍ ചര്‍ച്ചകള്‍ കൊണ്ടും ടൂര്‍ കിനാവുകള്‍ കൊണ്ടും സജീവമായി. ആ സുദിനം വരുന്നതും കാത്തു ഞങ്ങള്‍ ഇരിപ്പായി. കോളേജ് ടൂര്‍-ന്റെ കാര്യം ഞങ്ങള്‍ വീട്ടില്‍ അവതരിപ്പിച്ചു. പോകാനുള്ള സമ്മതവും വാങ്ങിച്ചു

അന്ന് ഒരു ബുധനാഴ്ച ആയിരുന്നു. ഇടിത്തീ പോലെയാണ് ആ വാര്‍ത്ത ഞങ്ങളുടെ കാതില്‍ പരന്നത്. പ്രിന്‍സി ടൂറിനു പോകാന്‍ പറ്റില്ലെന് പറഞ്ഞത്രേ. കേട്ട പാതി എല്ലാരും പ്രിന്‍സിയുടെ ഓഫിസ് പരിസരത്തേക്കു കുതിച്ചു. സംഗതി സത്യമാണ്. HOD ആണ് ഉടക്കുണ്ടാക്കിയത് എന്ന് കേള്‍ക്കുന്നു. പിള്ളേരെ ഇപ്പോളെ ഇങ്ങനെ കയറൂരി വിടുന്നത് ശെരിയല്ലത്രേ. പോരാത്തതിനു പരീക്ഷ അടുത്താഴ്ച തുടങ്ങുവാണ്. ഒരു കോളേജ്-ലും ആദ്യ സെമസ്റ്ററില്‍ ടൂറോന്നും നടത്താറില്ലത്രേ . ജീവപര്യന്തത്തിന് തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ടവന്റെ മുഖഭാവമായിരുന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും അപ്പോള്‍

ഉത്രാടത്തില്‍ അന്ന് രാത്രി പതിവ് സഭ കൂടിച്ച ഉണ്ടായിരുന്നില്ല. ജസീക്ക വിഷണ്ണനായി ഒരു മൂലയ്ക്ക് ഒതുങ്ങി കൂടി. ഒരു സംരംഭം കൂടെ പാളിപ്പോയതിന്റെ വിഷാദവുമായി അന്ന് എല്ലാവരും നേരത്തെ ഉറങ്ങാന്‍ കിടന്നു. 

********************************************************************************
"എടാ എല്ലാരും വേഗം ക്ലാസ്സ്‌ റൂമിന്റെ സൈഡിലെ മരത്തിന്റെ ചുവട്ടിലേക്ക്‌ വന്നെ. ഒരു അത്യാവശ്യ കാര്യമുണ്ട്"- ലഞ്ച് ബ്രേക്ക്‌-ല്‍ വായി 

നോക്കി കൊണ്ടിരുന്ന ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു ജസീക്ക പറഞ്ഞു

"എന്താ കാര്യം"- ഞാന്‍ ചോദിച്ചു. പുതിയ എന്തേലും കുരിശുമായിട്ടായിരിക്കും അവന്റെ വരവെന്ന് എനിക്ക് തോന്നി 

"ബിലാലേ, അങ്ങോട്ടേക്ക് ആദ്യം വാ. കാര്യം അവിടെ വച്ച് പറയാം" - ജസീക്കയുടെ ശബ്ദം കനത്തു 

"എന്നാല്‍ വാ മക്കളെ, ഓന്‍ കാര്യമായി വിളിക്കുന്നതല്ലേ. പോയി നോക്കാം" - ഗൌ ഞങ്ങളെ തള്ളി വിട്ടു 

ഞങ്ങള്‍ പതിയെ മരച്ചുവട്ടിലേക്ക് നടന്നു. അവിടെ 'പൊതാവുര്‍ ബോയ്സ്'-ലെ (മറ്റൊരു പ്രസിദ്ധ ഗ്രൂപ്പ്‌ ആണ് ഇത്) പിള്ളേരും ഉണ്ട്. ചുറ്റും നോക്കി മറ്റാരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ലെന് ജസീക്ക ഉറപ്പു വരുത്തി  

"നമ്മള്‍ എല്ലാവരും ഒരു ടൂര്‍ പോകാന്‍ വേണ്ടി വളരെയധികം ആഗ്രഹിച്ചു. പക്ഷെ പ്രിന്‍സി അവസാന നിമിഷം കാലു മാറി" - ജസീക്ക

"ഇത് ഇവിടെ കൂടിയിരിക്കുന്ന എല്ലാവര്ക്കും അറിയാം. ഇതു പറയാനാണോ ഞങ്ങളെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നത്" - ഇങ്ങനെ പറയണമെന്ന് ഉണ്ടായിരുന്നെങ്കിലും ജസീക്കയ്ക്ക് ദേഷ്യം വരുമെന്നതിനാല്‍ ഞാന്‍ അത് വിഴുങ്ങി

"കോളേജിലെ എല്ലാവരെയും കൊണ്ട് ഒരു ടൂര്‍ പോകുക എന്നത് ഇനി എന്തായാലും നടക്കില്ല. അതിനു പകരം ആയി നമ്മള്‍ ഒരു ടൂര്‍ പ്ലാന്‍ ചെയ്യുന്നു" - ജസീക്ക തുടര്‍ന്നു

"നീ കാര്യം എന്താണെന്നു വച്ചാല്‍ തെളിച്ചു പറയ്‌"- ഗൌ പറഞ്ഞു

"കാര്യം നിസ്സാരം ആണ്. നിങ്ങള്‍ക്കെല്ലാം സമ്മതമാണെങ്കില്‍ നമ്മള്‍ ഗോവയ്ക്ക് ടൂര്‍ പോകുന്നു. രണ്ടു ദിവസം അടിച്ചു പൊളിച്ചു തിരിച്ചു വരുന്നു"- ജസീക്ക 

ഗോവ എന്ന് കേട്ടപ്പോള്‍ എല്ലാവരുടെയും കണ്ണുകളില്‍ ഒരു തിളക്കം വന്നത് ഞാന്‍ ശ്രദ്ധിച്ചു. കോളേജ് ടൂര്‍ പോളിഞ്ഞതിലുള്ള നാണക്കേട്‌ മാറാന്‍ രണ്ടു ദിവസം ചീമേനിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് നല്ലതാണെന്ന് എനിക്കും തോന്നി. കൂടാതെ ഗോവന്‍ ബീച്ചുകളുടെ പ്രത്യേകതകളെ കുറിച്ച് ഒരു പാട് കേട്ടിടുണ്ട്. ഇങ്ങനെ ഒരു അവസരം ഇനി കിട്ടാന്‍ വഴിയില്ല. 

"ഇതിനു മുന്‍പ് ആരെങ്കിലും നമ്മുടെ കൂട്ടത്തില്‍ നിന്ന് ഗോവയ്ക്ക് പോയിട്ടുണ്ടോ?"- ആഷി

"അതിനെ കുറിച്ച് പേടിക്കണ്ട. എന്റെ ഒരു പരിചയക്കാരന്‍ ഉണ്ട്. പുള്ളിയില്‍ നിന്ന് നമുക്ക് താമസസ്ഥലത്തെക്കുറിച്ചും ഗോവയില്‍ കാണേണ്ട സ്ഥലങ്ങളെ കുറിച്ചും അന്വേഷിച്ചറിയാം"- പൊതാവുര്‍ ബോയ്സിലെ വിജേഷ് ഉണര്‍ത്തിച്ചു

"അങ്ങിനെയെങ്കില്‍ പുള്ളിയെ എത്രയും പെട്ടന്ന് വിളിക്ക്" - ആഷി ധൃതി കൂട്ടി

"അപ്പോള്‍ നമ്മള്‍ ടീ ബ്രേക്ക്‌-ല്‍ വീണ്ടും ഇതേ സ്ഥലത്ത് കൂടുന്നു. ബാക്കി തീരുമാനങ്ങള്‍ അപ്പോള്‍ എടുക്കാം. എല്ലാവരും പോകാന്‍ റെഡി അല്ലെ?" - ജസീക്ക 

ഞങ്ങള്‍ എല്ലാവരും സന്തോഷത്തോടെ തലയാട്ടി. പക്ഷെ ഒരാള്‍ മാത്രം സംശയത്തോടെ തല മെല്ലെ ആട്ടുകയെ ചെയ്തുള്ളൂ. അത് രഗീഷ് ആയിരുന്നു

അടുത്ത രണ്ടു ഹൌര്‍ ക്ലാസ്സില്‍ ഇരിക്കുംപോലും എന്റെ ചിന്തകളില്‍ മുഴുവന്‍ ഗൊവയായിരൂന്നു. ഇലെക്ട്രോനിക്സ് ബേസിക്സും മാത്സും ഒന്നും എന്റെ തലയില്‍ കയറിയില്ല

"നമ്മള്‍ ഗോവയ്ക്ക് പോയെന്നു വീട്ടുകാര്‍ പ്രശ്നമാക്കില്ലേ?"- മാത്സ് പ്രോബ്ലം ചെയ്യുന്നതിനിടെ ഞാന്‍ ഗൌവിനോട് ചോദിച്ചു

"അതിനല്ലേ നമ്മള്‍ വീട്ടുകാരോട് പറയാതെ പോകുന്നത്"- വളരെ സില്ലി ആയി ഗൌ മറുപടി പറഞ്ഞു 

"ക്ലാസ്സിലെ പെണ്പിള്ളേര് വല്ലതും അറിയാന്‍ ചാന്‍സ് ഉണ്ടോ?"- ഞാന്‍ വീണ്ടും സംശയം എടുത്തിട്ടു. ഗോവയില്‍ കുറെ ചെക്കന്മാര്‍ ചേര്‍ന്ന് പോയെന്നറിഞ്ഞാല്‍ പിന്നെ ഒരു പെണ്ണ് പോലും തിരിഞ്ഞു നോക്കില്ല 

"അവറ്റകള്‍ ഇനി അറിഞ്ഞാല്‍ തന്നെ നിനക്കെന്താ ഇത്ര പ്രശ്നം"-  ഞാന്‍ ചോറിഞ്ഞോണ്ടിരിക്കുന്നത് അവനു അത്ര സുഖിക്കുന്നില്ല

മാത്ത്സ്‌ ക്ലാസ് കഴിഞ്ഞ ഉടനെ ഞങ്ങള്‍ മരച്ചുവട്ടിലേക്ക് ഓടി. അവിടെ പറഞ്ഞുറപ്പിച്ചത് പോലെ എല്ലാവരും എത്തിയിട്ടുണ്ട്. ഒരു നക്സല്‍ ഗ്രൂപ്പ്‌ ആരെയോ വധിക്കാന്‍ വേണ്ടി യോഗം ചേര്‍ന്ന മാതിരിയുള്ള ഗൌരവം എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു

"ഇന്ന് രാത്രി  11 മണിക്ക് ഗോവയ്ക്ക് ട്രെയിന്‍ ഉണ്ട്. അതില്‍ കയറിയാല്‍ നാളെ പുലര്‍ച്ചെ ഗോവയില്‍ എത്തും. പിന്നെ രണ്ടു ദിവസം അടിച്ചു പൊളിക്കാം"- ജസീക്ക തുടക്കമിട്ടു

"ഇന്ന് രാത്രി തന്നെ പോകാനോ?"- രഗീഷിന്റെ സ്വരത്തില്‍ ഒരു വിയോജിപ്പിന്റെ ഭാവം ഉണ്ടായിരുന്നു 

"അതിനു തിങ്കളാഴ്ച നമുക്ക് പരീക്ഷ തുടങ്ങുവല്ലേ"- ഞാന്‍ ചോദിച്ചു 

"അത് വെറും ഇന്റെര്‍ണല്‍ പരീക്ഷ അല്ലെ. അതൊന്നും സീരിയസ് ആയി എടുക്കണ്ട. ഇപ്പോള്‍ നമ്മുക്ക് ഗോവയെ കുറിച്ച് മാത്രം ആലോചിച്ചാല്‍ മതി"- ജസീക്ക 

"നിനക്കതു പറയാം. പരീക്ഷക്ക്‌ ടോപ്‌ സ്കോറര്‍ ആയിട്ടു ക്ലാസ്സില്‍ ഒന്ന് വിലസണമെന്നു വിചാരിച്ചതാ"- ഞാന്‍ മനസ്സില്‍ പറഞ്ഞു. പക്ഷെ ഗോവയെക്കാള്‍ വലുതല്ലലോ കോളേജ് 

"അപ്പോള്‍ നമ്മള്‍ ഇന്ന് രാത്രി ഗോവയ്ക്ക് തിരിക്കുന്നു. ഇനിയുള്ള രണ്ടു നാള്‍ ഗോവന്‍ ബീച്ചുകളില്‍ നമ്മള്‍ ആഘോഷിക്കുന്നു"- ഗൌ എല്ലാവരെയും മോട്ടിവേറ്റ് ചെയ്യാന്‍ നോക്കി 

രാത്രി ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാണാം എന്ന വാഗ്ദാനത്തോടെ ഞങ്ങള്‍ ക്ലാസിലേക്ക് പോയി. അവസാന ഹൌര്‍ humanitics ക്ലാസ്സ്‌ ആയിരുന്നു. സാധാരണ വളരെ ശ്രദ്ധയോടെ ക്ലാസ്സില്‍ ഇരിക്കുന്ന എനിക്കും ഗൌവിനും അന്ന് അതിനു സാധിച്ചില്ല (ഞങ്ങളുടെ പതിവ് ശ്രദ്ധക്കൂടുതലിന്റെ കാരണം എന്താണെന്നു വച്ചാല്‍ main hoon na- യിലെ സുസ്മിത സെന്നിനെ പോലെയായിരുന്നു കോളേജില്‍ ടീച്ചറുടെ വിലസല്‍). ഞങ്ങളുടെ മനസ്സ് ഇപ്പോളെ ഗോവന്‍ ബീച്ചുകളിലൂടെ പറന്നു നടക്കാന്‍ തുടങ്ങി

കോളേജ് വിട്ട ഉടനെ ഞങ്ങള്‍ അഞ്ചു പേരും വീട്ടിലേക്കു തിരിച്ചു. 

"അപ്പോള്‍ നമ്മളാരും ഗോവന്‍ ട്രിപ്പ്‌-നെ കുറിച്ച് വീട്ടില്‍ പറയുന്നില്ലേ"- നടന്നു കൊണ്ടിരിക്കുന്നതിനിടെ രഗീഷ് ചോദിച്ചു 

"ഇനിക്ക് പിരാന്താണോ ബലാലെ. ഗോവയ്ക്ക് പോയന്നെറിഞ്ഞാല്‍ ഉമ്മയും ഉപ്പയും അപ്പോള്‍ കോളേജില്‍ എത്തും"- ജസീക്ക

"പക്ഷെ നമ്മുടെ വീട്ടില്‍ നിന്ന് ഫോണ്‍ വന്നാലോ"- രഗീഷ് വിശദീകരിച്ചു 

രഗീഷ് പറഞ്ഞതില്‍ കാര്യമുണ്ട്. ഇന്ന് thursday ആണ്. സാധാരണ വെള്ളി  രാത്രി, അല്ലെങ്കില്‍ ശനിയോ ഞായറോ ആണ് വീട്ടില്‍ നിന്ന് ഫോണ്‍ വരാറ്. സുപ്രിയേച്ചിയുടെ വീട്ടിലേക്കാണ് ഫോണ്‍ വരുക. അപ്പോള്‍ ഞങ്ങളില്ലെങ്കില്‍ പണി പാളും

"അതിനു ഒരു വഴിയുണ്ട്. ഇപ്പോല്‍ നമ്മള്‍ എല്ലാരും വീട്ടില്‍ വിളിച്ചിട്ട് ഇന്ന് വൈകീട്ട് നമ്മള്‍ കോളേജ് വക ടൂര്‍ പോകുവാണെന്ന് പറയുന്നു. ബംഗ്ലൂര്‍, മൈസൂര്‍  എന്നിവിടങ്ങളിലാണ് പോകുന്നതെന്നും രണ്ടു നാള് കഴിഞ്ഞേ തിരിച്ചു വരൂ എന്നും പറയാം"- ആഷിയുടെ ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങി

"സുപ്രിയേച്ചിയുടെ വീട്ടിലും അതെ നുണ തന്നെ കാച്ചാം"- ഗൌ സന്തോഷത്തോടെ പറഞ്ഞു

കോളേജ് ടൂര്‍ പോകാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് രണ്ടാഴ്ച മുന്‍പ് വീട്ടില്‍ നിന്ന് വിളിച്ചപ്പോള്‍ ഞങ്ങള്‍ പറഞ്ഞിരുന്നു. അതിനാല്‍ ഇപ്പോള്‍ ഇങ്ങനെ ഒരു നുണ കാച്ചിയാല്‍ വീട്ടുകാര്‍ വിശ്വസിച്ചോളും. കോളേജിലെ ആദ്യത്തെ ടൂര്‍ ആയതുകൊണ്ട് വീട്ടുകാര്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും പോകാനുള്ള അനുമതി നല്‍കിയിരുന്നു

"ഈ ഐഡിയ കൊള്ളാം. നമ്മള്‍ ഗോവയ്ക്ക് പോകുവാണെന്ന് ഒരാള്‍ക്കും സംശയം തോന്നില്ല" - ഗോവന്‍ യാത്രയെ കുറിച്ച് ഓര്‍ത്തു എനിക്ക് സന്തോഷം സഹിക്കാനായില്ല 

അങ്ങിനെ ഞങ്ങള്‍ അഞ്ചു പേരും മനോഹരമായ കള്ളം പറയാനായി രത്നാകരേട്ടന്റെ ടെലഫോണ്‍ ബൂത്തിലേക്ക് നടന്നു. കോളേജ് നിവാസികള്‍ക്ക് 
പ്രിയപ്പെട്ടവരുടെ ശബ്ദം കേള്‍ക്കാനുള്ള ഏക ആശ്രയം ആയിരുന്നു ആ ബൂത്ത്‌. ഓരോരുത്തരായി ബൂത്തില്‍ കയറി ബംഗ്ലൂരിലേക്ക് കോളേജ് ടൂര്‍ പോകുന്നതിനെ കുറിച്ച് പറഞ്ഞു. മറുതലയ്ക്കല്‍ നിന്ന് ശ്രദ്ധിച്ചു പോകണം എന്നും സമയത്ത് ഭക്ഷണം കഴിക്കണം എന്നും സ്നേഹത്തോടെയുള്ള സംസാരം കേട്ടപ്പോള്‍ എല്ലാ സത്യവും തുറന്നു പറയണമെന്ന് ഒരു നിമിഷം തോന്നി  പോയി. പിന്നെ ഇതൊരു ടീം വര്‍ക്ക്‌ ആയിട്ടുള്ള നുണ ആയതിനാല്‍, ഒരാള്‍ സത്യം പറഞ്ഞാല്‍ ബാക്കി നാല് പേരുടെയും വീട്ടില്‍ ന്യൂസ്‌ ഫ്ലാഷ് ആകും. ഞങ്ങളുടെ വീട്ടുകാര്‍ തമ്മില്‍ നല്ല പരിചയത്തിലാണ്. വഴിക്ക് എവിടെയെങ്കിലും വച്ച് ഒന്ന്‍ ഫോണ്‍ ചെയ്യണം എന്ന് വീട്ടുകാര്‍ പറഞ്ഞു. ചെയ്യാം എന്ന് ഭവ്യതയോടെ മറുപടി പറഞ്ഞു

"അല്ല ജസീക്ക, രണ്ടു ദിവസത്തെ യാത്രക്ക് എത്ര കാശ് വേണ്ടി വരും"- തിരിച്ചു വീട്ടിലേക്കു നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു 

"നിങ്ങളുടെ പക്കല്‍ എത്ര കാശ് കാണും"- ജസീക്ക ഒരു മറുചോദ്യമാണ് പകരം തന്നത്

"എല്ലാം കൂടെ നുള്ളി പെറുക്കിയാല്‍ ഒരു 1200 രൂപ കാണും"- ഞാന്‍ മറുപടി പറഞ്ഞു. ആ മാസത്തേക്കുള്ള ഭക്ഷണത്തിനും മറ്റാവശ്യങ്ങള്‍ക്കും വേണ്ടി മിച്ചമുള്ളതാണ് അത്. പക്ഷെ ഗോവയെക്കള്‍ വലുതല്ലലോ മറ്റൊന്നും

"ഞങ്ങളുടെ കയ്യിലും അത്രോയൊക്കെ തന്നെയേ കാണുകയുള്ളൂ"- രഗീഷ് 

"എന്റെ പക്കല്‍ കുറച്ചു കാശുണ്ട്. എന്തെങ്കിലും ആവശ്യം വന്നാല്‍ അതെടുക്കാം. രണ്ടു ദിവസത്തേക്ക് ഈ പണം മതിയാവുമെന്നു തോന്നുന്നു"- 
ജസീക്ക 

നേരെ സുപ്രിയെച്ചിയുടെ വീട്ടില്‍ പോയി ടൂര്‍ പോകുന്ന കാര്യം ഉണര്‍ത്തിച്ചു. രണ്ടു നാള്‍ കഴിഞ്ഞേ തിരിച്ചു വരുകയുള്ലെന്നും. വീട്ടില്‍ കാര്യം പറഞ്ഞിട്ടുണ്ടുന്നും ഉണര്‍ത്തിച്ചു. എല്ലാം ശുഭം ആയി നടക്കും എന്ന ആത്മവിശ്വാസത്തോടെ വീട്ടിലേക്കു കയറി പാക്കിംഗ് തുടങ്ങി

രാത്രി പതിനൊന്നു മണിക്ക് ചെറുവത്തൂരില്‍ നിന്ന് ട്രെയിന്‍ കയറി. പൊതാവുര്‍ ബോയ്സ് അവിടെ നേരത്തെ തന്നെ എത്തിയിരുന്നു. ജീവിതത്തില്‍ 
എന്തോ വലിയ കാര്യം ചെയ്യാന്‍ പോകുന്ന ഒരു സംതൃപ്തി എല്ലാരുടെയും മുഖത്തുണ്ടായിരുന്നു. രാത്രി മുഴുവന്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. 

പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ഞങ്ങള്‍ ഗോവയില്‍ ആയിരുന്നു. രണ്ടു ദിവസം ഗോവയില്‍ ഞങ്ങള്‍ ശരിക്കും അര്‍മാദിച്ചു. ഗോവന്‍ ബീച്ചുകള്‍ ഒന്നൊന്നായി ഞങ്ങള്‍ കയറിയിറങ്ങി. ക്രൂയിസ് കപ്പല്‍ യാത്ര മറ്റൊരു മറക്കാനാവാത്ത അനുഭവം ആയിരുന്നു. അങ്ങിനെ ഞായര്‍ രാത്രി ഞങ്ങള്‍ നാട്ടിലേക്കുള്ള വണ്ടി കയറി. തിങ്കള്‍ പുലര്‍ച്ച ചെറുവത്തൂരില്‍ തിരിച്ചെത്തുകയും ചെയ്തു. പരീക്ഷ ഉള്ളതിനാല്‍ കുളിച്ചു റെഡി ആയി ഞങ്ങള്‍ കോളേജില്‍-ലേക്ക് പുറപ്പെട്ടു. ഗോവന്‍ യാത്രയുടെ സാഹസിക കഥകള്‍ കൂട്ടുകാരോട് പറഞ്ഞു ഒരു ഹീറോ ആയി വിലസാം എന്ന് മനസ്സില്‍ കണ്ടു ഞങ്ങള്‍ കോളേജില്‍-ലേക്ക് പ്രവേശിച്ചു

"നിങ്ങള്‍ എങ്ങോട്ടാണ് പോയത്. ആകെ പ്രശ്നമായെന്ന തോന്നുന്നേ. നിങ്ങള്‍ അഞ്ചു പേരും പ്രിന്‍സിയെ കണ്ടിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് നോട്ടീസ് ബോര്‍ഡില്‍ ഒട്ടിച്ചിട്ടുണ്ട്"- ഞങ്ങളെ കണ്ട പാടെ ഓടി വന്നു ഒരു കൂട്ടുകാരന്‍ പറഞ്ഞു

"എന്താണ് കാര്യം" - ഞാന്‍ ചോദിച്ചു

"അറിയില്ല. പക്ഷെ കാര്യമായ എന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു"- സുഹൃത്ത്‌ പറഞ്ഞു

ഞങ്ങള്‍ അഞ്ചു പേരുടെയും മുഖത്ത് ഒരു ഭീതിയുടെ നിഴല്‍ പരന്നു. കാര്യം എന്താണെന്നു അറിയാനുള്ള ആകാംക്ഷ എല്ലാരുടെയും മുഖത്തുണ്ടായിരുന്നു 

"എന്തിനാണ് പ്രിന്‍സി നമ്മളെ കാണാമെന്നു പറഞ്ഞത്"- രഗീഷ് ടെന്‍ഷന്‍-നോടെ ചോദിച്ചു

"ട്രിപ്പ്‌ പോകുന്നതിനു മുന്‍പ് നമ്മള്‍ കോളേജില്‍ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ലലോ"- ഞാന്‍ മറുപടി പറഞ്ഞു 

"ഇനിയിപ്പോ നമ്മുടെ ഗോവന്‍ ട്രിപ്പ്‌-നെ കുറിച്ച് പ്രിന്‍സി വല്ലതും അറിഞ്ഞോ"- ഗൌ സംശയം പ്രകടിപ്പിച്ചു 

"അതിനു വഴിയില്ല. നമ്മള്‍ ഈ വിവരം മറ്റാരോടും പറഞ്ഞിട്ടില്ലലോ"- ആഷി സമാധാനിപ്പികാന്‍ നോക്കി 

"എന്തായാലും നമ്മള്‍ക്ക് ഒരുമിച്ചു പോയി പോകാം. രണ്ടു ദിവസം എവിടെയാണെന്നോ മറ്റോ ചോദ്യം വന്നാല്‍ നമ്മള്‍ വീട്ടിലേക്കു പോയെന്നോ മറ്റോ കള്ളം പറയാം"- ജസീക്ക പറഞ്ഞു

പ്രിന്‍സിയുടെ കതകില്‍ മുട്ടിയ ശേഷം വാതില്‍ പതിയെ തുറന്നു ഞങ്ങള്‍ അകത്തേക്ക് നോക്കി. ആശാന്‍ കസേരയില്‍ ഇരിപ്പുണ്ട്. ശബ്ദം കേട്ട് അദ്ദേഹം തല ഉയര്‍ത്തി നോക്കി

"ഹ, വീരന്മാര്‍ വന്നോ. അകത്തോട്ടു കേറിയാട്ടെ"- പ്രിന്‍സി ഒരു പുച്ച്ച മനോഭാവത്തോടെ പറഞ്ഞു 

"ഗുഡ് മോര്‍ണിംഗ് സര്‍"- ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ഇനി ഇതിന്റെ ഒരു കുറവ് വേണ്ട എന്ന് ഞങ്ങള്‍ വിചാരിച്ചു 

"എവിടെയായിരുന്നു മക്കള്‍ രണ്ടു ദിവസം"- പ്രിന്‍സി ചോദിച്ചു

"ഞങ്ങള്‍ നാട്ടില്‍ പോയിരിക്കുകയായിരുന്നു സര്‍"- കൂട്ടത്തില്‍ അല്പം ധൈര്യ ശാലിയായ ജസീക്ക മറുപടി പറഞ്ഞു

"ആണോ, പക്ഷെ നിങ്ങള്‍ രണ്ടു ദിവസം കോളേജ് വക ടൂര്‍-ലാണ് എന്നാണല്ലോ ഞാന്‍ അറിഞ്ഞത്"- പ്രിന്‍സിയുടെ ശബ്ദം അല്പം കനത്തു

ഇത് കേട്ടതോടെ ഞങ്ങളുടെ ഉള്ള ധൈര്യവും ചോര്‍ന്നു പോയി. രഹസ്യങ്ങള്‍ എവിടെയോ ലീക്ക് ആയിട്ടുണ്ട്. എവിടെയാണ് പാളിച്ച പറ്റിയതെന്നു മനസ്സിലാകുന്നില്ല

"കോളേജ് വക ടൂര്‍ പോകുന്നെന് വീട്ടുകാരോട് കള്ളം പറഞ്ഞു എങ്ങോട്ടാണ് അഞ്ചും കൂടെ പോയത്. നിനക്കൊക്കെ തോന്ന്യവാസം കാണിക്കാന്‍ കോളേജ്-ന്റെ പേര് ഉപയോഗിക്കണം അല്ലെ"- പ്രിന്‍സി ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു 

ഒരു വാക്ക് പോലും ഉരിയാടാനുള്ള ശക്തി ഇല്ലാതെ ഞങ്ങള്‍ തണുത്തു വിറങ്ങലിച്ചു നിന്നു. പ്രിന്‍സി എല്ലാം അറിഞ്ഞിരിക്കുന്നു. ഇനി ഒന്നും രക്ഷയില്ല. ഒരു സസ്പെന്‍ഷന്‍ ഉറപ്പിക്കാവുന്ന വകയുണ്ട്. രണ്ടു ദിവസത്തെ ഗോവന്‍ സന്തോഷം മുഴുവന്‍ ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതെ ആയി 

"അഞ്ചു പേരും രക്ഷിതാക്കളെ വിളിച്ചോണ്ട് വന്നിട്ട് ക്ലാസില്‍ കയറിയാല്‍ മതി"-പ്രിന്‍സി കനത്ത ശബ്ദത്തില്‍ പറഞ്ഞു. ഇത് കേട്ടതോടെ ഞങ്ങളുടെ മുഖത്ത് ഒരു ദയനീയ ഭാവം വിരിഞ്ഞു

"സര്‍, ഞങ്ങള്‍ക്ക് ഒരു അബദ്ധം പറ്റിയതാ. ഇനി ഇത് പോലൊന്നും ഉണ്ടാവില്ല"- ആഷി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു 

അടുത്ത പത്തു മിനിറ്റു അവിടെ നടന്നത് പുറത്തു പറഞ്ഞാല്‍ ഞങ്ങളുടെ വില നഷ്ട്ടപെടും എന്നതിനാല്‍ അതിനു മുതിരുന്നില്ല. പ്രിന്‍സിയുടെ കയ്യും കാലും പിടിച്ചു കരഞ്ഞു അപേക്ഷിച്ചതിന്റെ ഫലമായി രക്ഷിതാക്കളെ കൂട്ടിക്കൊണ്ടു വരണമെന്ന വ്യവസ്ഥ പ്രിന്‍സി പിന്‍വലിച്ചു. ഇത് ആദ്യത്തെ സംഭവം ആയതിനാല്‍ ഒരു താക്കീത് നല്‍കി വിട്ടയക്കാമെന്ന് പ്രിന്‍സി സമ്മതിച്ചു. ഇനി ഇത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന് വെള്ളക്കടലാസില്‍ എഴുതി ഒപ്പിട്ടു കൊടുക്കുകയും ചെയ്തു. ഒരു നന്ദി പറഞ്ഞു പ്രിന്‍സിയുടെ മുറിയില്‍ നിന്നു ഞങ്ങള്‍ ഇറങ്ങി. എന്താണ് നടന്നതെന്ന് അറിയാന്‍ വേണ്ടി ഒരു കൂട്ടം പിള്ളേര്‍ പുറത്തു കാത്തു നില്‍പ്പുണ്ടായിരുന്നു. 

"എന്തിനാ പ്രിന്‍സി വിളിപ്പിച്ചത്"- ഒരു സുഹൃത്ത്‌ ചോദിച്ചു 

"ഹേയ്, പ്രശ്നം ഒന്നും ഇല്ല"- എന്ന് പറഞ്ഞിട്ട് ഞങ്ങള്‍ കാന്റീന്‍-ലേക്ക് പോയി. എന്നാലും ഇതൊക്കെ പ്രിന്‍സി എങ്ങനെ അറിഞ്ഞു എന്ന ദുരൂഹത ഞങ്ങളില്‍ നിറഞ്ഞു നിന്നു

അന്ന് വൈകീട്ട് വരെ പ്രിന്‍സി കാര്യങ്ങള്‍ ഒക്കെ എങ്ങനെ അറിഞ്ഞു എന്ന ചിന്ത ഞങ്ങളെ അലട്ടിക്കൊണ്ടിരുന്നു. പക്ഷെ വൈകീട്ട് വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍ എല്ലാ സംശയവും തീര്‍ന്നു കിട്ടി. മറുതലയ്ക്കല്‍ നിന്ന് തെറിയുടെ അഭിഷേകം ആയിരുന്നു. പ്രിന്‍സിയെ കൂടാതെ വീട്ടുകാരും എല്ലാം അറിഞ്ഞിരിക്കുന്നു. വീട്ടുകാരുടെ ശകാര വര്‍ഷം കഴിഞ്ഞപ്പോളാണ് എവിടെയാണ് പാളിച്ച പറ്റിയതെന്നു മനസ്സിലായത്‌. രഹസ്യ ഗോവന്‍ യാത്ര പരസ്യമായത് എങ്ങിനെ എന്നത്  ചുവടെ ചേര്‍ക്കുന്നു 

1) thursday വൈകീട്ട് വീട്ടിലേക്കു ഫോണ്‍ ചെയ്തു ഞങ്ങള്‍ കോളേജ് ടൂര്‍ പോകുകയാണെന്ന കള്ളം വീട്ടില്‍ അവതരിപ്പിക്കുന്നു. ഇടയ്ക്കു ഫോണ്‍ ചെയ്യണം എന്ന് വീട്ടുകാര്‍ പറയുന്നു 

2) ഗോവയില്‍ എത്തി തകര്‍ത്തു ആഘോഷിച്ച ഞങ്ങള്‍ വീട്ടുകാരെ ഫോണ്‍ ചെയ്യുന്ന പാടെ കാര്യം മറന്നു പോകുന്നു

3) പിറ്റേന്ന് വൈകീട്ടായിട്ടും മക്കളെ കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനാല്‍, രഗീഷിന്റെ വീട്ടില്‍ നിന്നും ജസീക്കയുടെ വീടിലേക്ക്‌ ഫോണ്‍ കാള്‍ വരുന്നു

4) അങ്ങിനെ ബാക്കി മൂന്നു പേരുടെയും വീട്ടിലെ ഫോണ്‍ ബെല്‍ അടിക്കുന്നു. അച്ഛനമ്മമാര്‍ പരിഭ്രാന്തരാകുന്നു 

5) അടുത്ത പടി എന്ന നിലക്ക്, സുപ്രിയേച്ചിയുടെ വീട്ടിലേക്കു ഫോണ്‍ വരുന്നു. അഞ്ചു പേരും തലേന്ന് രാത്രി തന്നെ കെട്ടും കെട്ടി ടൂര്‍ പോയെന്നു മറുപടി ലഭിക്കുന്നു 

6) കുട്ടികള്‍ക്ക് എന്തോ ആപത്തു പിണഞ്ഞു എന്ന ഭയത്താല്‍ കോളേജ് ഫോണിലേക്ക് വിളിക്കുന്നു. ബംഗ്ലൂരിലേക്ക് കോളേജ് ടൂര്‍ പോയ സംഘത്തെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ എന്ന് അന്വേഷിക്കുന്നു 

7) ഇവിടുന്നാരും ഒരിടത്തേക്കും ടൂര്‍ പോയിട്ടില്ലെന്ന് മറുപടി ലഭിക്കുന്നു. ശുഭം

വാല്‍കഷ്ണം:- കള്ളി വെളിച്ചത്തായതിന്റെ അപമാന ഭാരത്താല്‍ ഞങ്ങള്‍ പരീക്ഷയ്ക്ക് അന്തസ്സായി പൊട്ടി. ആദ്യ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പെണ്കുട്ടികള്‍ അവരുടെ കാമുകന്മാരെ തിരഞ്ഞെടുക്കാന്‍ തുടങ്ങി. ഈ സംഭവത്തിനു ശേഷം കുറച്ചു നാള്‍ പെണ്‍കുട്ടികള്‍ ഞങ്ങളെ തിരിഞ്ഞു നോക്കാതായി. കാന്റീന്‍ കമിതാക്കളുടെ താവളം ആകാന്‍ തുടങ്ങിയതോടെ അസൂയ മൂത്ത് ഞങ്ങള്‍ അങ്ങോട്ട്‌ പോകാതായി. വീട്ടിലേക്കു പോയാല്‍ തല്ലു കിട്ടുമെന്ന് ഭയന്ന് അങ്ങോട്ടേക്കുള്ള പോക്കും നിര്‍ത്തി വച്ചു